ഡ്രൈവർക്ക് അപസ്മാരം; തൃശൂരിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്

പാലക്കാട് നഗരസഭാ ജീവനക്കാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്

തൃശൂർ: ഡ്രൈവര്‍ക്ക് അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ തൃശൂർ ചാലക്കുടി ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപത്തുവച്ചായിരുന്നു സംഭവം. അതിരപ്പിള്ളിയിലേക്കുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് നഗരസഭാ ജീവനക്കാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

ഡ്രൈവര്‍ കൊട്ടേക്കാട്ട് സ്വദേശി വരുണിനാണ് വാഹനമോടിക്കുന്നതിനിടെ അപസ്മാരമുണ്ടായത്. കുഴല്‍മന്ദം മന്ദീരാദ് വീട്ടില്‍ ബിന്ദുജ(34), ഇവരുടെ മകന്‍ അന്‍വേദ്(4), വടക്കുംതറ കളരിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(52), പാലക്കാട് മലയത്ത് വീട്ടില്‍ സരിത(44), ഇവരുടെ മകള്‍ ചാരുനേത്ര(12), പാലക്കാട് അല്‍ഹിലാല്‍ വീട്ടില്‍ മുഫിയ ബീവി(40) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് നിന്നും പൊള്ളാച്ചി വഴിയായിരുന്നു സംഘം അതിരപ്പിള്ളിയിലേക്ക് വന്നത്. പത്തടിപ്പാലത്തിന് സമീപത്തുവച്ച് ഡ്രൈവര്‍ വരുണിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട വാഹനം 15 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

Content Highlight; Driver suffers seizure, loses control of vehicle and falls 15 feet

To advertise here,contact us