തൃശൂർ: യുവാവിനെ ആക്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത് അറിയാതെ വിമാനത്താവളത്തിൽ എത്തിയ കരൂപടന്ന സ്വദേശിയായ കൊമ്പനേഴത്ത് വീട്ടിൽ മുഹമ്മദ് എന്ന 29കാരനാണ് പൊലീസ് പിടിയിലായത്.
2015 മെയ് 31നായിരുന്നു കേസിനാസ്പദമായ സംഭവം. കരൂപടന്നയിലെ പുഴവക്കിലേക്കുള്ള റോഡിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് മുഹമ്മദ് യുവാവിനെ മർദിച്ചത്. റോഡ് തന്റേതാണെന്ന് പറഞ്ഞ് മുഹമ്മദ്, അതുവഴി നടന്നുപോകുകയായിരുന്ന യുവാവിനെ മർദിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ യുവാവിന്റെ 49വയസുള്ള ബന്ധുവിനെയും മുഹമ്മദ് മർദിച്ച് പരിക്കേൽപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുഹമ്മദ് കോടതിയിൽനിന്ന് ജാമ്യമെടുത്ത് വിദേശത്തേക്ക് കടന്നു. കോടതിയിൽനിന്ന് ജാമ്യമെടുത്ത് വിചാരണക്ക് ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്നാണ് ഇയാളെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. എന്നാൽ ഇത് പ്രതി അറിഞ്ഞിരുന്നില്ല.
ദുബായിൽനിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ മുഹമ്മദിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ് വെച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദിനെ അറസ്റ്റ് ചെയ്ത് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
Content Highlights : man arrested at Nedumbassery airport