കൊല്ലം: വിഷു ബമ്പര് ഭാഗ്യക്കുറിയില്നിന്നുള്ള ലാഭവിഹിതം ഉപയോഗിച്ച് ക്ഷേമനിധി അംഗങ്ങള്ക്ക് വീടുകള് നിര്മിച്ചുനല്കാന് തീരുമാനം. ഇതിനായുള്ള പദ്ധതിക്ക് അടുത്തമാസം തുടക്കമാകുമെന്ന് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്ഡ് അധ്യക്ഷന് ടി ബി സുബൈര് അറിയിച്ചു.
9.54 കോടി രൂപയാണ് വിഷു ബമ്പറില് നിന്ന് ഇത്തവണ ലാഭമായി ലഭിച്ചത്. ഈ തുക ഉപയോഗിച്ച് 160 വീട് നിര്മിക്കാനാണ് തീരുമാനം. വീടുകളുടെ തറക്കല്ലിടല് അടുത്തമാസം നടത്തുമെന്ന് ടി ബി സുബൈര് പറഞ്ഞു. അതോടൊപ്പം അംഗപരിമിതരായ ക്ഷേമനിധി അംഗങ്ങള്ക്കുള്ള സൗജന്യ മുച്ചക്രവാഹന വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്ക് കൊല്ലം ബീച്ച് റോഡിലെ റോട്ടറി ക്ലബ്ബില് മന്ത്രി കെ.എന്. ബാലഗോപാലാണ് ഉദ്ഘാടനം നിര്വഹിക്കുക. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്ക്കായി 69 വാഹനങ്ങളും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്നിന്ന് 27 വാഹനങ്ങളുമാണ് വിതരണം ചെയ്യുക.
ഉദ്ഘാടന ചടങ്ങിന് എം. മുകേഷ് എംഎല്എ അധ്യക്ഷനാകും. ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര് എസ്. ഹരിത, ലോട്ടറി ഏജന്റ്സ് ആന്ഡ് സെല്ലേഴ്സ് യൂണിയന് (സിഐടിയു) സെക്രട്ടറി എസ്. ബിജു, ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്ഡ് സെല്ലേഴ്സ് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റി ഒ.ബി. രാജേഷ്, കേരള ലോട്ടറി ട്രേഡേഴ്സ് അസോസിയേഷന് അംഗം ഡോ. ജെ. ജയകുമാര് എന്നിവരും പത്രസമ്മേളനത്തില് പങ്കെടുത്തു.
Content Highlight; Vishu bumper profit dividend; 160 houses will be built and provided to welfare fund members