തൃശൂർ: തൃശൂർ പെരിഞ്ഞനത്ത് പനി ബാധിച്ച് 19വയസ്സുകാരന് ദാരുണാന്ത്യം. തോട്ടപ്പുറം സ്വദേശി ബാലന്റെ മകൻ പ്രണവ് ആണ് മരിച്ചത്. എലിപ്പനി ആണെന്നാണ് സംശയം. ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമാണ് പ്രണവ്. ഒരാഴ്ച്ച മുൻപാണ് പ്രണവിന് പനി ബാധിച്ചത്.
ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9 മണിയോട് കൂടിയായിരുന്നു പ്രണവ് മരിച്ചത്. മെയ് രണ്ടിനും ഇതിന് ശേഷവും രണ്ട് തവണ പ്രണവ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ അസുഖം ഭേദമായിരുന്നില്ല.
തുടർന്ന് പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. നാട്ടിലെ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു പ്രണവ്.
content highlights : 19-year-old dies tragically due to fever; SFI youth leader bids farewell