പഞ്ചവടി ബീച്ചിൽ വൻ അഗ്നിബാധ, കാറ്റാടി മരങ്ങളും അക്കേഷ്യ മരങ്ങളും കത്തി നശിച്ചു

തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാർ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു

തൃശ്ശൂര്: ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ വൻ അഗ്നിബാധ. ബീച്ചിന്റെ തെക്ക് ഭാഗത്ത് ഇന്ന് വൈകീട്ട് 6:30 ഓടെയായിരുന്നു തീപിടുത്തമുണ്ടായത്. കടൽതീരത്തെ ഏക്കർ കണക്കിന് വരുന്ന സ്ഥലത്തെ കാറ്റാടി മരങ്ങളും അക്കേഷ്യ മരങ്ങളും കത്തി നശിച്ചു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാർ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.

ഉടന് ഗുരുവായൂർ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഏറെനേരത്തെ പരിശ്രമത്തിനെടുവിൽ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. നാട്ടുകാരുടെ സമയോജിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. കഴിഞ്ഞയാഴ്ചയും പഞ്ചവടി ബീച്ചിന്റെ വടക്ക് ഭാഗത്തെ കാറ്റാടി മരങ്ങൾക്കിടയിൽ തീപ്പിടുത്തമുണ്ടായിരുന്നു. തീ പിടുത്തത്തിന് പിന്നില് സാമൂഹ്യ വിരുദ്ധരാണെന്നാണ് നാട്ടുകാരുടെ സംശയം.

To advertise here,contact us