അര്‍ദ്ധരാത്രിയില്‍ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞ് അക്രമികൾ; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇന്നലെ രാത്രി 12.45നായിരുന്നു സംഭവം

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ അര്‍ദ്ധരാത്രിയില്‍ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞ് അക്രമികൾ. തലനാരിഴയ്ക്കാണ് വീടിനകത്തുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 12.45നായിരുന്നു സംഭവം. ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചെത്തിയ രണ്ടുപേരാണ് വീട് ലക്ഷ്യമാക്കി സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ദൃശ്യങ്ങള്‍ റിപ്പോർട്ടറിന് ലഭിച്ചു.

നാല് തവണ പ്രതികള്‍ സ്‌ഫോടന വസ്തുക്കള്‍ എറിയുന്നത് ദൃശ്യങ്ങളിൽ കാണാം . ഇതില്‍ മൂന്നെണ്ണം വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഒരെണ്ണം പൊട്ടാത്ത നിലയില്‍ വീടിന് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പൊട്ടാതെ കിടന്ന സ്‌ഫോടക വസ്തു ബോംബ് സ്‌കോഡ് നിര്‍വീര്യമാക്കി.

സംഭവ സമയത്ത് വീട്ടില്‍ ഗൃഹനാഥന്‍ വിജയന്‍ അടക്കം ഒന്‍പത് പേരുണ്ടായിരുന്നു. ഉഗ്രമായ സ്‌ഫോടക ശബ്ദം കേട്ട് ഉടമയും കുടുംബവും പുറത്തേക്കിറങ്ങി. ഇവര്‍ വരുന്നത് കണ്ട രണ്ടംഗസംഘം കടന്നുകളഞ്ഞെന്ന് പരാതിയിൽ പറയുന്നു. ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെന്നും വീട്ടുകാർ പറയുന്നു. സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ സമീപ പ്രദേശങ്ങളിലെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Content Highlight: kerala crime news explosive device thrown at house family escapes midnight attack

To advertise here,contact us