ഭാര്യക്ക് പിന്നാലെ ഭർത്താവും; കവടിയാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സംഭവിച്ചത്

തിരുവനന്തപുരം: കവടിയാറിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആഷിക്കാണ് മരിച്ചത്. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സംഭവിച്ചത്.

ആഷിക്കിന്റെ ഭാര്യ പാലക്കാട് സ്വദേശി നൗഷിജ (24) അപകടത്തിന് പിന്നാലെ മരിച്ചിരുന്നു. നാല് കാറും രണ്ട് ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മെയ് എട്ടിന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഫുട്പാത്തിലൂടെ നടന്നുപോകുന്നതിനിടെ ആഷിക്കിനെയും നൗഷിജയെയും കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയും പിന്നീട് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഒരുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

Content Highlight : Husband injured in Kavadiyar road accident also dies while undergoing treatment

To advertise here,contact us