തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ സർജനെന്ന വ്യാജേന കടന്നുകൂടിയ യുവതി പിടിയിൽ. വേഷം മാറി ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് ഇവരെ പിടികൂടിയത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സീനിയർ റെസിഡന്റായ ന്യൂറോ സർജൻ ആണെന്ന് സെക്യൂരിറ്റിയോട് പറഞ്ഞാണ് ഇവർ കടന്നുകയറിയത്. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ സെക്യൂരിറ്റി മറ്റ് ഡോക്ടർമാരെ വിവരം അറിയച്ചതോടെ ഇങ്ങനൊരു ഡോക്ടർ ഉണ്ടോയെന്ന കാര്യത്തിൽ സംശയം പറഞ്ഞു. പിന്നാലെ ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.
സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ ഇവർ ലിഫ്റ്റിൽ കയറി അഞ്ചാം നിലയിലെത്തിയെന്നും പിന്നീട് പടികളിറങ്ങി താഴെയെത്തി കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പുറത്തുപോയെന്നും മനസിലായി. പിന്നീട് ഇവർ വേഷം മാറി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്ത് നിന്നും ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വനിതാ സെക്യൂരിറ്റി ജീവനക്കാരാണ് തടഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവ എന്നാണ് തന്റെ പേരെന്നും ഭർത്താവ് ശ്രീചിത്രയിലാണ് ജോലി ചെയ്യുന്നതെന്നും ഇവർ പറഞ്ഞു.
പിന്നാലെ ഇവരെ മെഡിക്കൽ കോളേജ് പൊലീസിൽ ഏൽപ്പിച്ചു. സെക്യൂരിറ്റി മാനേജരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. പെരുന്ന സ്വദേശിയാണെന്നും പേരൂർക്കടയിലാണ് താമസമെന്നും ഇവർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി കരുതുന്നു.
Content Highlights: A woman who posed as a neurosurgeon inside Thiruvananthapuram Medical College was detained