തിരുവനന്തപുരം: വൃദ്ധമാതാവിനെ മകള് വീട്ടില് നിന്ന് പുറത്താക്കിയതായി പരാതി. ഇടവിളാകത്ത് സ്വദേശി സലീല എന്ന 70 വയസുകാരിയെയാണ് മകള് സജ വീട്ടിൽ നിന്ന് പുറത്താക്കിയത്. സലീലയെ ആക്രമിച്ച കേസില് മകളുടെ ഭര്ത്താവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് സജ മാതാവിനെ രാത്രിയില് തന്നെ വീട്ടില് നിന്നും ഇറക്കിവിട്ടതെന്ന് നാട്ടുകാര് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാര് പറയുന്നു. നാട്ടുകാര് വീട്ടിലെത്തി അമ്മയെ അകത്ത് കയറ്റാന് ആവശ്യപ്പെട്ടെങ്കിലും സജ ഗേറ്റ് തുറക്കാന് പോലും തയ്യാറായില്ല. പിന്നീട് നാട്ടുകാര് അറിയിച്ചതിന് പിന്നാലെ പൊലീസും പഞ്ചായത്ത് മെമ്പറും സ്ഥലത്തെത്തിയിരുന്നു. ഇവര് വന്നതിന് ശേഷം സജ വീടിന്റെ ഗേറ്റ് തുറന്നെങ്കിലും അമ്മയെ വീടിനകത്തേക്ക് കയറ്റാന് തയ്യാറായില്ല.
അമ്മയുടെ കൈവശമുള്ള പണം കൈക്കലാക്കുന്നതിനായി സജയും ഭര്ത്താവും അവരെ ഉപദ്രവിക്കാറുണ്ടായിരുന്നു. മക്കളുടെ ഭാഗത്ത് നിന്ന് വളരെ ക്രൂരമായ ഉപദ്രവം ഉണ്ടായിട്ടുണ്ടെന്ന് സലീല വ്യക്തമാക്കിയിരുന്നു. നിലവില് സലീലയെ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വൃദ്ധസദനത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Content Highlight; Complaint filed in Thiruvananthapuram alleging that an elderly mother was thrown out of her house by her daughter