തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. ബസ്സിൽ വച്ച് ഛർദ്ദി അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ ഡ്രൈവർ ഇറക്കി വിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കോലിയക്കോട് സ്വദേശിനിയും നഴ്സിംഗ് വിദ്യാർത്ഥിനിയുമായ നിഖിലയ്ക്കാണ് കെഎസ്ആർടിസി ബസിൽ വെച്ച് ദുരനുഭവമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് സംഭവമുണ്ടായത്.
കെഎസ്ആർടിസിയിൽ ആനയറയിൽ നിന്ന് കോലിയക്കോടേക്ക് പോവുകയായിരുന്നു നിഖില. കഴക്കൂട്ടം കഴിഞ്ഞപ്പോൾ ഛർദ്ദി അനുഭവപ്പെട്ടു. ബസ്സിന് പുറത്തുപോയി ഛർദ്ദിക്കാൻ ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നു. നിഖില പുറത്തിറങ്ങിയ സമയം ബസ്സ് വിട്ടു പോയതായും പരാതിയിലുണ്ട്. കയ്യിൽ കാശില്ലാത്തതിനാൽ ബുദ്ധിമുട്ടിയെന്ന് നിഖില പറഞ്ഞു. ഡ്രൈവർക്കെതിരെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് വിദ്യാർത്ഥിനി പരാതി നൽകിയത്. വിദ്യാർത്ഥിനി ചർദ്ദിക്കാൻ ഇറങ്ങിയതാണെന്ന് അറിഞ്ഞില്ലെന്നാണ് ബസ് ഡ്രൈവർ സന്തോഷിന്റെ വാദം.
Content Highlights: Student was Dropped From a KSRTC Bus, at Thiruvananthapuram