തിരുവനന്തപുരം: മന്ത്രിസ്ഥാനം നിഷേധിച്ചതിൽ ആർജെഡിയിൽ കടുത്ത അതൃപ്തി. മുന്നണിയിൽ അർഹിച്ച പരിഗണന ലഭിച്ചില്ലെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു. അതേ സമയം മന്ത്രി സ്ഥാനം ലഭിക്കാത്തതിൽ നിരാശയില്ലെന്ന് ആർജെഡിയുടെ ഏക എംഎൽഎയായ കെ പി മോഹനനും പ്രതികരിച്ചു.
എൽഡിഎഫിൽ നിന്നും ആർജെഡി കടുത്ത അവഗണന നേരിട്ടെന്ന് സലീം മടവൂർ തുറന്നടിച്ചു. മന്ത്രി സ്ഥാനം നിഷേധിക്കുകയാണ് ചെയ്തത്. ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിലേക്ക് പരിഗണിച്ചില്ല. മുന്നണിയിലെ വലിയ നാലാമത്തെ കക്ഷിയെന്ന പരിഗണന നൽകിയില്ല. എന്തിനാണ് മാറ്റി നിർത്തിയെന്നതിലും വിശദീകരണമില്ലെന്നും സലീം മടവൂർ പ്രതികരിച്ചു.
എൽഡിഎഫിന്റെ ഭാഗത്തു നിന്നും ഒരുറപ്പും ലഭിച്ചിരുന്നില്ലെന്ന പ്രതികരണമാണ് കെ പി മോഹനന്റെത്. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ നിരാശയില്ല. രാജ്യസഭാ സീറ്റിനായാണ് മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ചതെന്ന അഭ്യൂഹങ്ങളെയും പാർട്ടി തള്ളുന്നു. കോഴിക്കോട് ലോകസഭാ സീറ്റിലേക്ക് അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും അക്കാര്യത്തിലും ഉറപ്പില്ല.