ബാ​ഗിൽ 1.90 ലക്ഷം രൂപ; കലക്ഷൻ ഏജൻ്റിൻ്റെ പണമ‌ടങ്ങിയ ബാ​ഗ് തട്ടിയെടുത്ത കേസിൽ യുവാക്കൾ അറസ്റ്റിൽ

സെപ്റ്റംബർ 12ന് അടൂർ പെരിങ്ങനാട് ചെരുപുഞ്ച ഭാ​ഗത്ത് വെച്ചാണ് സംഭവം

അടൂർ: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കലക്ഷൻ ഏജൻ്റിൻ്റെ പണമ‌ടങ്ങിയ ബാ​ഗ് തട്ടിയെടുത്ത കേസിൽ യുവാക്കൾ അറസ്റ്റിൽ. ആടൂർ മുണ്ടപ്പള്ളി പാറക്കൂട്ടം കാർത്തിക നിവാസിൽ എസ് ജെ ആലേഖ് (20), അടൂർ പന്നിവിഴ കൃഷ്ണവിലാസം വീട്ടിൽ വരുൺ കൃഷ്ണൻ(26) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 12ന് അടൂർ പെരിങ്ങനാട് ചെരുപുഞ്ച ഭാ​ഗത്ത് വെച്ചാണ് സംഭവം. സാധനങ്ങൾ നൽകിയ വകയിൽ അടൂർ ഭാ​ഗത്തെ വസ്ത്രശാലകളിലേക്കും മറ്റും പണം ഈടാക്കി അടക്കുന്ന ഫിനാൻസ് മാനേജ്മെൻ്റ് കമ്പനിയിലെ ജീവനക്കാരനായ ഏനാത്ത് സ്വദേശി ശ്രീദേവിൻ്റെ കൈയിയിൽ നിന്നാണ് പ്രതികൾ ബാ​ഗ് തട്ടിയെടുത്തത്. ബാ​ഗിൽ 1.90 രൂപയാണ് ഉണ്ടായിരുന്നത്. അടൂർ ഭാ​ഗത്തുനിന്ന് ജോലിയുടെ ഭാ​ഗമായിട്ടാണ് ചെറുപുഞ്ചയിലേക്ക് ശ്രീദേവ് പോകുന്നത്.

യുവാക്കൾ നമ്പർ പ്ലേറ്റ് മറച്ച സ്കൂട്ടറിൽ ശ്രീദേവിനെ പിന്തുടരുകയായിരുന്നു. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു. തുടർന്ന് ബൈക്കിനോട് ചേർത്ത് സ്കൂട്ടർ എത്തിച്ച ശേഷം ശ്രീദേവിന്‍റെ തോളിൽ കിടന്ന ബാഗ് തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയം ശ്രീദേവ് ബൈക്കിൽ നിന്നു റോഡിലേക്ക് വീണ് കാലിന് നിസാര പരിക്കേറ്റു. ഉടൻ തന്നെ അടൂർ പൊലീസിൽ വിവരം അറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ രണ്ടാം ദിവസം തന്നെ യുവാക്കൾ സഞ്ചരിച്ച വാഹനത്തെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു. ഈ വാഹനം കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിനൊടുവിൽ അടൂരിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്ന ആലേകിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിൽ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വരുൺ കൃഷ്ണനേയും പൊലീസ് പിടികൂടി.

Content Highlight : Rs 1.90 lakhs in bag; Youth arrested for stealing collection agent's bag containing money

To advertise here,contact us