സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തി മുങ്ങി; രണ്ടാംപ്രതി 21വര്‍ഷത്തിന് ശേഷം പിടിയില്‍

2005 മാര്‍ച്ച് 15നാണ് കേസിന് ആസ്പദമായ സംഭവം

പാലക്കാട്: പാലക്കാട് മണ്ണാരപ്പറമ്പ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷക സംഘം കപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്ന ഇബ്രാഹിമിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പൊലീസ് പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് അയല്‍വാസിയും കപ്പൂര്‍ മണ്ണാരപറമ്പ് മഠത്തിരുത്തിഞ്ഞാലില്‍ നൗഫല്‍ 21 വര്‍ഷത്തിന് ശേഷം പിടിയിലായത്.

2005 മാര്‍ച്ച് 15നാണ് കേസിന് ആസ്പദമായ സംഭവം. സഹോദരങ്ങളായ നവാസും നൗഫലും ചേര്‍ന്ന് പടിഞ്ഞാരങ്ങാടി വേങ്ങശേരി ഉത്സവത്തിന് പോകുകയായിരുന്ന ഇബ്രഹാമിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി നവാസ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. മറ്റൊരു പ്രതിയെ വെറുതെ വിടുകയും ചെയ്തു.

മുമ്പ് അറസ്റ്റിലായ നൗഫല്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. വിദേശത്തേക്ക് കടന്ന ഇയാള്‍ ഇടയ്ക്കിടയ്ക്ക് നാട്ടില്‍ വരാറുള്ളതായി പറയുന്നു. ഈയടുത്ത് വീണ്ടും നാട്ടിലെത്തിയ പ്രതി കഴിഞ്ഞ ദിവസം വിദേശത്തേക്ക് മടങ്ങവേയാണ് വിമാനത്താവളത്തില്‍ നിന്നും പൊലീസ് പിടികൂടിയത്. പ്രതികളും ഇബ്രാഹിമും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Content Highlights: Police arrested the second accused in the death case of a CPI(M) branch secretary after 21 years.

To advertise here,contact us