തദ്ദേശ തെരഞ്ഞെടുപ്പ്; അടുത്തടുത്ത പഞ്ചായത്തുകളില്‍ എൽഡിഎഫിനും യുഡിഎഫിനും വേണ്ടി മത്സരത്തിനിറങ്ങി സഹോദരിമാർ

ഇരുവരും ആദ്യമായാണ് മത്സരരം​ഗത്തിറങ്ങുന്നത്

അമ്പലപ്പാറ: തദ്ദേശ തെരഞ്ഞെടുപ്പില്‍ അടുത്തടുത്ത പഞ്ചായത്തുകളില്‍ എൽഡിഎഫിനും യുഡിഎഫിനും വേണ്ടി മത്സരത്തിനിറങ്ങി സഹോദരിമാർ. മണ്ണൂര്‍ കൊട്ടക്കുന്ന് വാലിപറമ്പില്‍ ബൽക്കീസ്(46) തിരുണ്ടി മലമുക്ക് ചോലയ്ക്കല്‍ റഷീദ(41) എന്നീ സഹോദരങ്ങളാണ് ഒരുമിച്ച് മത്സരത്തിന് ഇറങ്ങുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ബള്‍ക്കീസ് മത്സരിക്കുന്നത്. സഹോദരി റഷീദ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും.

മണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ കാഞ്ഞിരംപാറ (രണ്ട്) വാർഡിലാണ് ബൾക്കീസ് മത്സരിക്കുന്നത്. അമ്പലപ്പാറ ഗ്രാമപ്പഞ്ചായത്തിലെ അമ്പലപ്പാറ സൗത്ത് (12) വാർഡിൽ യുഡിഎഫ് സ്വതന്ത്രയായാണ് റഷീദ ജനവിധി തേടുന്നത്. ഇരുവരും ആദ്യമായാണ് മത്സരരം​ഗത്തിറങ്ങുന്നത്.

22 വർഷമായി സിപിഐഎം പ്രവർത്തകയായ ബൾക്കീസ് കൊട്ടക്കുന്ന് ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. മഹിളാ അസോസിയേഷൻ ഏരിയാ എക്സിക്യൂട്ടീവ് അംഗവും കുടുംബശ്രീ സിഡിഎസ് അംഗവുമാണ്. പ്രചാരണത്തിന് ബൾക്കീസിന്റെ ഭർത്താവ് ഷറഫുദ്ദീനും ഒപ്പമുണ്ട്. കോൺഗ്രസ് പ്രവർത്തകയായ റഷീദ സാമൂഹികപ്രവർത്തനരംഗത്തും സജീവമാണ്.

Content Highlight : Siblings fight together in local elections in neighboring panchayats

To advertise here,contact us