നോവായി ആന്‍സി; അധ്യാപികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം അമിത വേഗതമൂലമെന്ന് നിഗമനം

കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശി ആന്‍സിയാണ് മരിച്ചത്

പാലക്കാട്: കഞ്ചിക്കോട്ട് അധ്യാപികയുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത് വാഹനത്തിന്റെ അമിത വേഗത മൂലമെന്ന് നിഗമനം. സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും മറ്റൊരു വാഹനം ഇടിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. നാളെ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്.

കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശി ആന്‍സിയാണ് മരിച്ചത്. അപകടത്തില്‍ ആന്‍സിയുടെ വലതുകൈ മുട്ടിനു താഴെ വച്ച് അറ്റ് പോയി. ദീര്‍ഘനേരം റോഡില്‍ കിടന്നതിന് ശേഷമാണ് പൊലീസ് വിവരമറിഞ്ഞത്. ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

വിദഗ്ധ ചികിത്സയ്ക്ക് കോയമ്പത്തൂരിലേക്ക് മാറ്റുന്നതിനിടെയാണ് അന്ത്യം. സ്‌കൂട്ടറില്‍ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റെന്നായിരുന്നു ആദ്യ സൂചന. കോളേജില്‍ നടക്കുന്ന ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിന് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.

Content Highlights: kanjikode vehicle accident reportedly due to over speed

To advertise here,contact us