കടൽ കുതിരയുമായി യുവാവിനെ വനം വകുപ്പ് പിടികൂടി

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ യുവാവ് പിടിയിലാവുകയായിരുന്നു

പാലക്കാട്: കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽസത്യയാണ് പിടിയിലായത്. പാലക്കാട് കെഎസ്ആര്ടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ യുവാവ് പിടിയിലാവുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.

ഉണക്കിയ കടല് കുതിരകളെ ബോക്സിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. 96 കടല് കുതിരകളാണ് ഇയാളുടെ കയ്യില് ഉണ്ടായിരുന്നത്. ഉണക്കിയ കടൽ കുതിരകൾ മരുന്നു നിര്മ്മാണത്തിനും ലഹരി നിര്മ്മാണത്തിനുമാണ് ഉപയോഗിക്കുന്നത്, ഇതിനായാണ് എത്തിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

വംശനാശ ഭീഷണി നേരിടുന്ന കടല് കുതിരയെ വില്ക്കുവനോ കൈമാറാനോ ഇന്ത്യന് നിയമപ്രകാരം സാധ്യമല്ല. ഇത് ലംഘിച്ചുകൊണ്ടാണ് കടല് കുതിരയെ വില്പ്പനയ്ക്കായി എത്തിച്ചത്. പ്രതിയെ പാലക്കാട് റെയ്ഞ്ച് ഓഫീസിലേക്കെത്തിച്ച് ചേദ്യം ചെയ്തുവരികയാണ്. എവിടേയ്ക്കാണ് കടല് കുതിരയെ എത്തിക്കാന് ശ്രമിച്ചത് എന്ന് ഉള്പ്പടെയുള്ള വിവരങ്ങള് കണ്ടെത്താനാണ് ശ്രമിക്കുന്നത്. വിശദമായ അന്വേഷണം നടത്താനാണ് വനം വകുപ്പിൻ്റെ തീരുമാനം.

To advertise here,contact us