ടോക്‌സിക്കായ ആണ്‍സുഹൃത്തിനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍, തിരൂരില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍

പെൺസുഹൃത്തിനെ അന്വേഷിച്ചാണ് യുവാവ് തിരൂരിൽ എത്തിയത്

തിരൂർ: ടോക്സിക്കായ ആൺസുഹൃത്തിനെ ഒഴിവാക്കാൻ വേണ്ടി ക്വട്ടേഷൻ നൽകിയ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശിനിയായ സഫാന(19), സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര സ്വദേശിനികളായ സഹോദരങ്ങൾ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), റബീബ (25) എന്നിവരാണ് പിടിയിലായത്. പറവണ്ണ സ്വദേശികളായ ക്വട്ടേഷൻ സംഘത്തിനെയാണ് യുവതി ഇതിനായി തെരഞ്ഞെടുത്തത്. കുട്ടിയസന്റെ പുരക്കൽ ഇർഷാദ് (28), ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.തിരൂർ താഴെപാലത്ത് വച്ചാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്.

പെൺസുഹൃത്തിനെ അന്വേഷിച്ചാണ് യുവാവ് തിരൂരിൽ എത്തിയത്. എന്നാൽ തിരൂരിൽ എത്തിയ യുവാവിനെ കാത്തിരുന്നത് ക്വട്ടേഷൻ സംഘങ്ങളായിരുന്നു. സുഹൃത്തിന്റെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് യുവാവിനെ ഇവർ വിളിച്ച് കൊണ്ടുപോകുകയായിരുന്നു. കാറിൽ കയറിയ ഉടൻ യുവാവിനെ ഈ സംഘം മർദ്ദിക്കാൻ തുടങ്ങി. മർദ്ദനമേറ്റ് അവശനായ യുവാവിൻ്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും ഇവർ കവർന്നു.

യുവാവിൻ്റെ പരാതിയിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊലീസിൻ്റെ വിശദമായ അന്വേഷണത്തിലാണ് പെൺസുഹൃത്തിൻ്റെ ക്വട്ടേഷനാണ് മർദ്ദനത്തിന് പിന്നിലെന്ന് വ്യക്തമായത്. പൊലീസ് അറസ്റ്റിലായ ഇർഷാദ്, അസറുദ്ദീൻ എന്നിവർ നിരവധി കേസുകളിൽ പ്രതികളാണ്. മയക്കുമരുന്ന് കടത്ത് കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ ആയിരുന്ന ഇരുവരും തീരദേശ മേഖലയിലെ വധശ്രമം, അടിപിടി തുടങ്ങിയ കേസുകളിലും പ്രതികളാണ്. ഇന്നലെ പുലർച്ചെ തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Content Highlights:A woman and her friends have been arrested for allegedly arranging a contract killing to get rid of her boyfriend, described as toxic. Police have taken them into custody in connection with the case, and further investigation is underway

To advertise here,contact us