മലപ്പുറം: മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പില്‍ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് 52കാരന് ദാരുണാന്ത്യം. നെടിയിരുപ്പ് സ്വദേശി കാവുങ്ങല്‍ കുന്നുംപുറത്ത് അബൂബക്കറാണ് മരിച്ചത്. സ്വകാര്യ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട്, അതേദിശയില്‍ വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിനടയിലേക്ക് വീണാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് ഇടതുവശത്ത് കൂടി മറികടക്കുന്നതിനിടെയാണ് സംഭവം.ഇന്ന് രാവിലെ 7 മണിയോടെ രാമനാട്ടുകരയിലെ ജോലി സ്ഥാലത്തേക്ക് പോകാനായാണ് അബൂബക്കര്‍ ബസില്‍ കയറിയത്. സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും തമ്മിലുള്ള മത്സര ഓട്ടത്തിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐഫ എന്ന സ്വകാര്യ ബസും അതേദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസുമാണ് മത്സരയോട്ടം നടത്തിയത്. സ്വകാര്യബസ് റോഡിന് നടുവില്‍ നിര്‍ത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസിനെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ സ്വകാര്യ ബസ് മുന്നോട്ടെടുത്തു. ഇതിനിടെയാണ് അബൂബക്കര്‍ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് അപകടം സംഭവിച്ചത്.
അതേസമയം മലപ്പുറം കിഴിശ്ശേരിയി വിസപ്പടിയില് സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിസാരമായ പരിക്കുകളുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അല്‍ ഇര്‍ഷാദ് സ്കൂളിന്റെ ബസ് നിയന്ത്രണം വിട്ട് തെങ്ങില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.
Content Highlights: A 52 year old man lost his life after falling under a KSRTC bus while attempting to board it in Malappuram. According to the report, he lost his grip while getting onto the bus and fell beneath it. The incident occurred in Malappuram district