കുട്ടികളെ കാണുന്നതിനെ ചൊല്ലി വാക്ക് തർക്കം; മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു

സംഭവത്തില്‍ ഭര്‍ത്താവ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: പരപ്പനങ്ങാടി പുത്തരിക്കലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. പുത്തരിക്കല്‍ പൊട്ടിക്കുളത്ത് അരുണ്‍ (36) ആണ് ഭാര്യ മേഘ്‌നയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഭര്‍ത്താവ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മേഘ്‌നയും അരുണും തമ്മില്‍ അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ അരുണിന്റെ വീട്ടിലേക്ക് കുട്ടികളെ കാണാനായി മേഘ്‌നയെത്തി. എന്നാല്‍ അരുണ്‍ ഇതിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. പിന്നാലെ അരുണ്‍ മേഘ്‌നയെ വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

Content Highlight; Husband stabs wife with knife in Parappanangadi

To advertise here,contact us