താമരശ്ശേരി: കൊടുവള്ളി, പൂനൂര്, നരിക്കുനി, താമരശ്ശേരി ഭാഗങ്ങളില്‍ ലഹരി വില്പന നടത്തുന്ന കുഞ്ഞാവ എന്ന ജ്യോതിഷ് (32) എക്സൈസ് പിടിയില്‍. 9.935 ഗ്രാം എംഡിഎംഎയുമായാണ് കുഞ്ഞാവ പിടിയിലായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള എക്സൈസ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി സര്‍ക്കിള്‍ ഓഫിസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷും കോഴിക്കോട് ഡപ്യൂട്ടി കമ്മിഷണർ ജിമ്മി ജോസഫിന്റെ സ്പെഷൽ സ്ക്വാഡ് ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.
മുൻപും മയക്കുമരുന്ന് കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് വ്യാപാര സംഘങ്ങൾ എക്സൈസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം കേസുകൾ കണ്ടെത്താൻ കോഴിക്കോട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുകയാണ്. ജനങ്ങളുടെ പൂർണമായ പിന്തുണയോടെ മാത്രമേ ഇത്തരം സംഘങ്ങളെ ഉന്മൂലനം ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ജിമ്മി ജോസഫ് പറഞ്ഞു.
Content Highlight : Excise officials arrested Jyothish, also known as Kunjava, for alleged drug sales in Thamarassery. The accused was reportedly involved in narcotics distribution in the region