കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് യുവതികളില്‍ നിന്നും സ്വര്‍ണം കൈക്കലാക്കി മുങ്ങുന്ന യുവാവ് പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി മുഹമ്മദ് ജസീലാണ് പിടിയിലായത്. വടകര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളെ ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി കബളിപ്പിച്ചെന്നാണ് വിവരം.
വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ജസീല്‍ പിടിയിലായത്. ഇയാള്‍ പന്ത്രണ്ട് പവനോളം സ്വര്‍ണം കൈക്കലാക്കിയെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്. ഇന്‍സ്റ്റഗ്രാം വഴി യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി വടകരയിലെ ലോഡ്ജില്‍ എത്തിച്ച് യുവതിയില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു.
ഇതേ യുവതിയുടെ തന്നെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ ബലാത്സംഗക്കേസും ഇയാള്‍ക്കെതിരെയുണ്ട്. ഇത്തരത്തില്‍ ഇയാള്‍ നിരവധി സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് പൊലീസ് അന്വേഷിക്കും. പാലക്കാട് ജില്ലയിലെ നാട്ടുകല്‍ പൊലീസ് സ്റ്റേഷനില്‍ മുഹമ്മദ് ജസീലിനെതിരെ കവര്‍ച്ച കേസ് നിലവിലുണ്ട്.
Content Highlights: man who to be friends with women on social media and theft gold has been arrested