അസഭ്യം വിളിക്കുന്നത് ചോദ്യം ചെയ്തു; വടകരയിൽ വയോധികയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു

വടകര അറയ്ക്കൽ സ്വദേശിനിക്കാണ് പരിക്കേറ്റത്

കോഴിക്കോട്: വടകരയിൽ വയോധികയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വടകര അറക്കൽ മാളിയേക്കൽ സ്വദേശി പുഷ്പയെന്ന 73കാരിയെയാണ് അയൽക്കാരനായ ശ്രീജിത്ത് എന്ന 43കാരൻ കൊടുവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിച്ചത്. ശ്രീജിത്ത് തന്നെ നിരന്തരം അസഭ്യം വിളിക്കുന്നത് പുഷ്പ ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന.

പുഷ്പയുടെ തലയ്ക്കും കഴുത്തിനും കൈക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. വധശ്രമത്തിനാണ് ശ്രീജിത്തിനെതിരെ പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights: men attacked elderly women at vadakara, kozhikode

To advertise here,contact us