സീറ്റ് സിപിഐക്ക് നൽകി: കൊല്ലത്ത് സിപിഐഎം ലോക്കൽ സെക്രട്ടറി രാജിവച്ചു

പഞ്ചായത്ത് സ്ഥിരംസമിതി മുൻ അധ്യക്ഷൻ ഉൾപ്പെടെ പലരെയും ഒഴിവാക്കിയാണ് സ്ഥാനാർഥി നിർണയം നടന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്

ശാസ്താംകോട്ട: സ്ഥാനാർഥി നിർണയ തർക്കത്തെ തുടർന്ന് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജിവച്ചു. ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ആർ അജിത്താണ് ഏരിയ നേതൃത്വത്തിന് രാജിനൽകിയത്. ഭരണിക്കാവ് ബ്ലോക്ക് ഡിവിഷനിൽ പ്രാദേശിക നേതൃത്വത്തോട് ചർച്ച ചെയ്യാതെ മുൻ എസ്എഫ്‌ഐ നേതാവിന് സീറ്റ് നൽകിയതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. മുതിർന്ന നേതാക്കൾ ഇടപെട്ട് അജിത്തിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നിലവിൽ അജിത്തിന് പകരം ചുമതല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കൂടിയായ സനിൽകുമാറിന് നൽകിയിരിക്കുകയാണ്.

ശാസ്താംകോട്ട പഞ്ചായത്തിലെ ഭരണിക്കാവ് വാർഡിലെയും ഭരണിക്കാവ് ബ്ലോക്ക് ഡിവിഷനിലെയും സ്ഥാനാർഥിനിർണയത്തിലെ അതൃപ്തി പ്രകടമാക്കിയാണ് അജിത്തിന്റെ രാജി. എൽഡിഎഫിന്റെ ധാരണപ്രകാരം ഭരണിക്കാവ് വാർഡ് സിപിഐക്കാണ് നൽകിവരുന്നത്. സിപിഐയിലെ ഒരു വിഭാഗം സിപിഐഎമ്മിൽ ചേർന്നതോടെ വാർഡ് സിപിഐഎം ഏറ്റെടുത്ത് മത്സരിക്കണമെന്ന നിർദേശം ഒരു വിഭാഗം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ സീറ്റ് സിപിഐക്ക് നൽകിയതാണ് വിഭാഗീയതയ്ക്ക് ഇടയാക്കിയത്. പഞ്ചായത്ത് സ്ഥിരംസമിതി മുൻ അധ്യക്ഷൻ ഉൾപ്പെടെ പലരെയും ഒഴിവാക്കിയാണ് സ്ഥാനാർഥി നിർണയം നടന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

ചൊവ്വാഴ്ച ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള, മുതിർന്ന നേതാവ് കെ സോമപ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് അജിത്തിന്റെ രാജി ഒഴിവാക്കാൻ ശ്രമം നടത്തി. എന്നാൽ രാജിയിൽ ഉറച്ചു നിൽക്കുന്നതായി യോഗത്തെ അജിത്ത് അറിയിച്ചെന്നാണ് വിവരം. സെക്രട്ടറി സ്ഥാനം ഏൽക്കാൻ മറ്റ് എൽസി അംഗങ്ങളോട് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും പലരും ഒഴിഞ്ഞുമാറിയതിനെ തുടർന്നാണ് സനല്‍കുമാറിനെ ചുമതല ഏല്‍പ്പിച്ചത്.Content Highlights: CPIM local secretary resigned in Kollam as conflict arise

To advertise here,contact us