കോഴിക്കോട്: കടകളിൽ നിന്ന് പണം കിട്ടാതെ വന്നതിനാൽ മാമ്പഴവും സിഗരറ്റുമായി മുങ്ങി കള്ളൻ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. മോഷ്ടിക്കാനായി കടകളിൽ കയറിയ കള്ളന് നിരാശയായിരുന്നു ഫലം. എന്നാൽ തോറ്റ് പിന്മാറാൻ കള്ളൻ തയാറായിരുന്നില്ല. പണം കിട്ടാത്തതിനാൽ മാങ്ങയും സിഗരറ്റും കൈക്കലാക്കി കടന്നുകളഞ്ഞു. ചുങ്കത്തെ കെ ജി സ്റ്റോർ, മാതാ ഹോട്ടൽ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
കെജി സ്റ്റോറിൽ നാലാം തവണയാണ് മോഷണം നടക്കുന്നത്. അനുഭവം ഉള്ലതിനാൽ തന്നെ ഉടമ കടയിൽ പണം സൂക്ഷിക്കാറില്ല. കടയ്ക്കകത്ത് കയറിയ മോഷ്ടാവ് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട് പണം തപ്പി. എന്നാൽ കിട്ടിയില്ല. തുടർന്നാണ് കടയിലുണ്ടായിരുന്ന 30 മാങ്ങയും 10 പാക്കറ്റ് സിഗരറ്റും കൈക്കലാക്കി കള്ളൻ മുങ്ങിയത്. ഒരു സുഹൃത്തിന് നൽകാനായി കടയുടമ പാലക്കാട്ടുനിന്നും എത്തിച്ച മാങ്ങയാണ് മോഷ്ടാവ് കൊണ്ടുപോയത്.
താമരശ്ശേരി അമ്പായത്തോട് സ്വദേശി കൃഷ്ണൻകുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് മാതാ ഹോട്ടൽ. ഇവിടെ മൂന്നാം തവണയാണ് കള്ളൻ കയറുന്നത്. കൊടുവാളും ടോർച്ചും കൈവശമുണ്ടായിരുന്ന മോഷ്ടാവ് മുഖം മറച്ചാണെത്തിയത്. മേശയിലാകട്ടെ വളരെ തുച്ഛമായ കാശാണ് ഉണ്ടായിരുന്നത്. താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Content Highlights: theft at kozhikode