ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കി സെൻട്രൽ സോൺ. കലാശപ്പോരിൽ സൗത്ത് സോണിനെ അനായാസം വീഴ്ത്തിയാണ് സെൻട്രൽ സോണിന്റെ കിരീട നേട്ടം. ആറ് വിക്കറ്റിനാണ് സെൻട്രൽ സോണിന്റെ വിജയം. 65 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രജത് പാട്ടിദാറും സംഘവും നാല് വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് കണ്ടെത്തിയാണ് കിരീടം സ്വന്തമാക്കിയത്. ഐപിഎൽ കിരീട നേട്ടത്തിനു പിന്നാലെ രജത് പാട്ടിദാറിന്റെ ക്യാപ്റ്റൻസിയിലേക്ക് മറ്റൊരു പൊൻതൂവൽ കൂടിയായി ദുലീപ് ട്രോഫി കിരീടം മാറി.
ആദ്യ ഇന്നിങ്സിൽ സൗത്ത് സോൺ 149 റൺസിന് പുറത്തായിരുന്നു. ഇതിന് മറുപടിയയായി ബാറ്റ് ചെയ്ത സെൻട്രൽ സോൺ ആദ്യ ഇന്നിങ്സിൽ 511 റൺസ് അടിച്ചു. രണ്ടാം ഇന്നിങ്സിൽ സൗത്ത് 426 റൺസ് നേടിയെങ്കിലും ആദ്യ ഇന്നിങ്സിൽ സെൻട്രൽ സോൺ നേടിയ ലീഡിന്റെ ബലത്തിൽ അവർക്ക് താരതമ്യേനെ ചെറിയ വിജയലക്ഷ്യം ലഭിക്കുകയായിരുന്നു.
നേരത്തെ ഒന്നാം ഇന്നിങ്സിൽ യഷ് റാത്തോട് നേടിയ 194 റൺസാണ് സെൻട്രൽ സോണിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. പാട്ടിദാറും ശതകം തികച്ചിരുന്നു. 101 റൺസാണ് പാട്ടിദാർ നേടിയത്. ഒന്നാം ഇന്നിങ്സിൽ സൗത്തിന്റെ അഞ്ച് വിക്കറ്റ് പിഴുത സരൻഷ് ജെയ്നാണ് കളി സെൻട്രൽ സോണിന് വേണ്ടി തിരിച്ചത്. രണ്ടാം ഇന്നിങ്സിൽ അങ്കിത് ശർമയുടെ 99 റൺസും ആന്ദ്രെ സിദ്ധാർഥിന്റെ 84ും സ്്മാരൻ രവിചന്ദ്രന്റെ 67 റൺസുമാണ് സൗത്ത് സോണിനെ ഇന്നിങ്സ് തോൽവിയിൽ നിന്നും രക്ഷിച്ചത്.
മലയാളി താരവും സൗത്ത് സോൺ ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ധീനും സൽമാൻ നിസാറിനും എംഡി നിതീഷിനും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ഒന്നാം ഇന്നിങ്സിൽ 194 റൺസ് നേടിയ യഷ് റാത്തോഡാണ് കളിയിലെ താരമായി മാറിയത്. സരൻഷ് ജെയ്ൻ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights- Central Zone lifts the Duleep Trophy beating south zone