വിവാഹത്തിന് ഭക്ഷണം എത്തിച്ചില്ല; കോട്ടയത്ത് കാറ്ററിങ് സെന്ററിനെതിരെ പരാതി

കാഞ്ഞിരപ്പള്ളിയിലും കഞ്ഞിക്കുഴിയിലുമായി രണ്ടിടങ്ങളില്‍ വിവാഹത്തിന് ഭക്ഷണം എത്തിച്ചില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്

കോട്ടയം: വിവാഹത്തിന് ഭക്ഷണം എത്തിക്കാതെ കാറ്ററിങ് സെന്റര്‍ ചതിച്ചതായി പരാതി. കോട്ടയത്താണ് സംഭവം. കാഞ്ഞിരപ്പള്ളിയിലും കഞ്ഞിക്കുഴിയിലുമായി രണ്ടിടങ്ങളില്‍ വിവാഹത്തിന് ഭക്ഷണം എത്തിച്ചില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഉദയം വെഡ്ഡിങ് പ്ലാനേഴ്‌സ്' എന്ന കാറ്ററിങ് സ്ഥാപനത്തിനെതിരെയാണ് ആരോപണം. വധുവിന്റെ വീട്ടുകാര്‍ മുണ്ടക്കയം പൊലീസിനും കോട്ടയം ഈസ്റ്റ് പൊലീസിനും പരാതി നല്‍കി.

ഭക്ഷണം എത്തിച്ച് നല്‍കുന്നതിന് മുന്‍കൂറായി പണം വാങ്ങിയ ശേഷം ചതിച്ചതായാണ് രണ്ട് കുടുംബങ്ങളും പറയുന്നത്. കഞ്ഞിക്കുഴിയില്‍ 250 പേര്‍ക്ക് വേണ്ടി സദ്യ ഒരുക്കുന്നതിനായി ഒരു ലക്ഷം രൂപയായിരുന്നു കാറ്ററിങ് ഉടമ കുടുംബത്തില്‍ നിന്ന് വാങ്ങിയത്. കാഞ്ഞിരപ്പള്ളിയില്‍ 400 പേര്‍ക്കുള്ള സദ്യക്കായി ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയും കാറ്ററിങ് ഉടമ കൈപ്പറ്റി. എന്നാല്‍ വിവാഹ ദിവസം രണ്ട് സ്ഥലങ്ങളിലും ഭക്ഷണം എത്തിച്ചില്ലെന്നാണ് പരാതി.

ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, 'ഫണ്ട് മറിഞ്ഞു, ഫുഡ് ലഭിക്കാന്‍ വൈകി, ആരോ ചതിച്ചു' തുടങ്ങി പല ഒഴിവുകഴിവുകളും പറഞ്ഞതായും ആരോപണമുണ്ട്. അടുത്ത ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം എത്തിച്ചാണ് വീട്ടുകാര്‍ പ്രതിസന്ധി മറികടന്നത്. സാമ്പത്തികത്തേക്കാള്‍ ചതിക്കപ്പെട്ടു എന്ന തോന്നല്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കഞ്ഞിക്കുഴിയിലെ വീട്ടുകാര്‍ പറഞ്ഞു. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണം. തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും വീട്ടുകാര്‍ പറഞ്ഞു. അതേസമയം ഭക്ഷണം എന്തുകൊണ്ട് എത്തിച്ചില്ല എന്നതില്‍ വ്യക്തത വന്നിട്ടില്ല.

Content Highlights- A complaint has been filed against a catering centre in Kottayam after food arranged for a wedding was not delivered

To advertise here,contact us