കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാ മാതവിനെയും വെട്ടിപ്പരിക്കേല്പ്പിച്ച യുവാവിനെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി. കരിനിലം സ്വദേശി പ്രദീപിനെയാണ് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. സംഭവം നടന്ന വീട്ടില് നിന്ന് അഞ്ച് കിലോമീറ്റര് മാറി തോട്ടത്തില് പ്രദീപിനെ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.
ഇന്ന് രാവിലെ 11.50 ഓടെയായിരുന്നു സംഭവം നടന്നത്. പുഞ്ചവയല് സ്വദേശിനിയായ ബീന (65), മകള് സൗമ്യ എന്നിവരെയാണ് പ്രദീപ് വെട്ടിയത്. ഇരുവരും താമസിക്കുന്ന വാടകവീട്ടില് എത്തിയ പ്രദീപ് ഇരുവരെയും വെട്ടിപ്പരിക്കേല്പ്പിക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള് എത്തിയതോടെ പ്രദീപ് ഓടിരക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇയാള് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
ബീനയുടെയും സൗമ്യയുടെയും പരിക്ക് ഗുരുതരമാണ്. ഇരുവരും നിലവില് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളെ തുടര്ന്ന് കുറച്ചു നാളുകളായി പ്രദീപും സൗമ്യയും പിരിഞ്ഞുതാമസിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് 'ദിശ' ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്പര്: Toll free helpline number: 1056, 0471-2552056)
Content Highlights- Man kill himself after attacked wife and mother in law in kottayam