ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി പിടിയില്‍

തര്‍ക്കം രൂക്ഷമാകുകയും കഴുതുരുട്ടിയില്‍ വെച്ച് രഘുവരന്‍ തിരുമലൈകുമാറിനെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിടുകയുമായിരുന്നു

കൊല്ലം: പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി രഘുവരനെയാണ് റയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം.

ഞായറാഴ്ച ഉച്ച കഴിഞ്ഞ് രഘുവരനും സുഹൃത്ത് തിരുമലൈകുമാറും തെന്മല ബിവറേജില്‍ നിന്നും മദ്യം വാങ്ങിയിരുന്നു. പിന്നാലെയാണ് തമിഴ്‌നാട്ടിലേക്ക് തിരികെ പോകാനായി ഇവര്‍ പുനലൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറുന്നത്. എന്നാല്‍ ട്രെയിനിനുള്ളില്‍ വെച്ച് മദ്യം വാങ്ങിയ പണത്തെ സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ തര്‍ക്കം രൂക്ഷമാകുകയും കഴുതുരുട്ടിയില്‍ വെച്ച് രഘുവരന്‍ തിരുമലൈകുമാറിനെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിടുകയുമായിരുന്നു.

പ്രതിയെ ട്രയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റയില്‍വേ പൊലീസ് തല്‍ക്ഷണം തന്നെ അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ തിരുമലൈകുമാര്‍ നിലവില്‍ ചികിത്സയിലാണ്. ഗുരുവായൂരില്‍ നിന്നും മധുരയ്ക്ക് പോകുകയായിരുന്ന ട്രെയിനിലായിരുന്നു സംഭവം. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള രഘുവരനെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും. പ്രതി തമിഴ്‌നാട്ടില്‍ മറ്റൊരു കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Content Highlights: A man from Tamil Nadu has been arrested for allegedly attempting to murder a youth by pushing him from a moving train near Punalur. The victim sustained injuries in the incident, prompting an immediate investigation by the authorities. Railway Police traced and arrested the accused, and further inquiries are underway to determine the motive and the sequence of events leading to the attack.

To advertise here,contact us