കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എൻജിനീയർ വിജിലന്‍സ് പിടിയില്‍

ഫുഡ് പ്രോസസിങ് കമ്പനിക്ക് വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്നതിനായി 5,000 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്

കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എൻജിനീയർ വിജിലന്‍സ് പിടിയില്‍. കൊട്ടിയം തഴുത്തല സ്വദേശിയായ നസീറിനെയാണ് കൊല്ലം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി എസ് എസ് ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഫുഡ് പ്രോസസിങ് കമ്പനിക്ക് വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്നതിനായി 5,000 രൂപയായിരുന്നു ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

കുമ്മല്ലൂര്‍ ജങ്ഷനിൽ പ്രവര്‍ത്തിക്കുന്ന ഫുഡ് പ്രോസസിങ് കമ്പനിയുടെ ഉടമയില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ആറുമാസം മുമ്പാണ് സ്ഥാപനത്തിലേക്ക് പുതിയ കണക്ഷൻ്റെ ആവശ്യവുമായി ബന്ധപ്പെട്ട് ഉടമ കെഎസ്ഇബിയെ സമീപിച്ചത്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് കണക്ഷന്‍ നല്‍കാതെ സബ് എൻജിനീയർ ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവില്‍ കണക്ഷന്‍ അനുവദിക്കണമെങ്കില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു.

കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപന ഉടമ കൊല്ലം വിജിലന്‍സ് യൂണിറ്റില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം കെണിയൊരുക്കി. ഇത്പ്രകാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൈക്കൂലി പണം വാങ്ങുന്നതിനിടയില്‍ സബ് എൻജിനീയറിനെ വിജിലന്‍സ് സംഘം തന്ത്രപൂര്‍വ്വം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: A KSEB Sub Engineer was apprehended by the Vigilance Department while allegedly accepting a bribe from a complainant. The operation was carried out based on prior information and a formal complaint, with officials laying a trap to catch the accused red-handed.

To advertise here,contact us