അതിരുകടന്ന് ഫുട്ബോൾ ആവേശം: സ്‌കൂൾ ഗ്രൗണ്ടില്‍ റേസിങ് അഭ്യാസം; ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് നേരെ കയ്യേറ്റം

സംഭവസ്ഥലത്തെത്തിയ പൊലീസ് റേസിങ് തടഞ്ഞതിന് പിന്നാലെ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു

കാസര്‍കോട്: കാസര്‍കോട് പള്ളിക്കര ഗവ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ കാര്‍ റേസിങ്. സ്‌കൂള്‍ വിട്ട് കുട്ടികള്‍ മടങ്ങുന്ന സമയത്തായിരുന്നു അഭ്യാസ പ്രകടനം. ലോകകപ്പ് ഫുട്ബോൾ ആവേശം പ്രകടമാക്കുന്ന CR7 എന്നെഴുതിയ റൊണാൾഡോയുടെ ചിത്രമുള്ള സ്റ്റിക്കറുകളടക്കം പതിപ്പിച്ച വാഹനങ്ങളാണ് റേസിങ്ങ് അഭ്യാസം നടത്തിയത്. ആറ് വാഹനങ്ങൾ ബേക്കല്‍ പൊലീസ് പിടിച്ചെടുത്തു. റേസിങ്ങ് നിര്‍ത്താന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ റേസിങ് സംഘം കയ്യേറ്റം ചെയ്തു. എസ് ഐ പ്രിന്‍സ് ജോണ്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. റേസിങ് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് റേസിങ് തടഞ്ഞതിന് പിന്നാലെ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു. ഇത് കയ്യാങ്കളിയിലേക്ക് പോയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിൻ്റെ പേരിൽ ഇത്തരത്തില്‍ അനുമതിയില്ലാതെ അതിരുകടന്ന അഭ്യാസ പ്രകടനങ്ങള്‍ നടത്തരുതെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Content Highlights: Police seized six cars after a dangerous car racing practice at Pallikkara Government High School ground in Kasaragod. The event took place as students were leaving school. SI Prince John was allegedly attacked while trying to stop the racing and is undergoing treatment at Kanhangad District Hospital.

To advertise here,contact us