കാസര്‍കോട് കുമ്പളയില്‍ വന്‍ കവര്‍ച്ച; 29 പവന്‍ സ്വര്‍ണവും വെള്ളിയും പണവും മോഷണം പോയി

കുമ്പളയില്‍ അഭിഭാഷകയുടെ വീട്ടില്‍ നിന്ന് 29 പവന്‍ സ്വര്‍ണവും വെള്ളിയും പണവും മോഷണം പോയി

കാസര്‍കോട്: കുമ്പളയില്‍ അഭിഭാഷകയുടെ വീട്ടില്‍ നിന്ന് 29 പവന്‍ സ്വര്‍ണവും വെള്ളിയും പണവും മോഷണം പോയി. കുമ്പള നായ്ക്കാപ്പില്‍ അഭിഭാഷകയായ ചൈത്രയുടെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ക്ഷേത്രോത്സവത്തിന് പോയ നേരത്തായിരുന്നു വീട് കുത്തിത്തുറന്ന് മോഷണം നടന്നത്. 29 പവന്‍ സ്വര്‍ണാഭരണങ്ങളും കാല്‍ ലക്ഷം രൂപയുടെ വെള്ളിയും മോഷണം പോയതായി വീട്ടുകാര്‍ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.

വീട്ടുകാര്‍ ക്ഷേത്രോത്സവത്തിന് പോയ ഒന്നര മണിക്കൂറിനിടയിലാണ് മോഷണം നടന്നിരിക്കുന്നത്. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ വീടിനുള്ളിലെ ലൈറ്റുകളെല്ലാം ഇട്ടുവെച്ചിരിക്കുന്ന നിലയിലും അലമാരകള്‍ കുത്തിത്തുറന്ന് വസ്ത്രങ്ങള്‍ വലിച്ചിട്ട നിലയിലായിരുന്നു. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ വഴിയാണ് മോഷ്ടാക്കള്‍ അകത്തു കയറിയിരിക്കുന്നത്.

സ്വര്‍ണത്തിന് പുറമെ 25,000 രൂപ വിലവരുന്ന വെള്ളിയാഭരണങ്ങളും അയ്യായിരം രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു. കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

Content Highlights: Kasaragod-Major Robbery in Lawyers House 29 Sovereigns of Gold Stolen

To advertise here,contact us