കാസര്‍കോട് ഒഴുകിപ്പോയ ചെരിപ്പെടുക്കാനുളള ശ്രമത്തിനിടെ 2 കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു

കൂടുതല്‍ കുട്ടികള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ അഗ്നിരക്ഷാസേന ഏറെനേരം കുളത്തില്‍ തിരച്ചില്‍ നടത്തി. മറ്റാരും അപകടത്തിൽ പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്

കാഞ്ഞങ്ങാട്: കാസര്‍കോട് ഒഴുകിപ്പോയ ചെരിപ്പെടുക്കാനുളള ശ്രമത്തിനിടെ ഒന്‍പതും പത്തും വയസുളള കുട്ടികള്‍ മുങ്ങിമരിച്ചു. കാഞ്ഞങ്ങാട് മഡിയന്‍ പാലക്കിയിലെ പഴയ പളളിക്കുളത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. മഡിയന്‍ പാലക്കി സ്വദേശിയും മാണിക്കോത്ത് നാലാം വാര്‍ഡ് മുസ്‌ലിം ലീഗ് ട്രഷററുമായ അസീസിന്റെ മകന്‍ അഫാസ് (ഒന്‍പതു വയസ്), മൂസഹാജി ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഹൈദറിന്റെ മകന്‍ അന്‍വര്‍ (പത്ത്) എന്നിവരാണ് മരിച്ചത്. അന്‍വറിന്റെ സഹോദരന്‍ ഹാഷിഖിനെ ഗുരുതരാവസ്ഥയില്‍ മംഗളുരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.

പളളിക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. കുളിക്കുന്നതിനിടെ ഒരു കുട്ടിയുടെ ചെരിപ്പ് കുളത്തിന്റെ മധ്യഭാഗത്തേക്ക് ഒഴുകിപ്പോയി. ഇതെടുക്കാനുളള ശ്രമത്തിനിടെ കുട്ടികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തി കുട്ടികളെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ കുളത്തില്‍ വെളളം ഉയര്‍ന്നിരുന്നു. ഇതറിയാതെയാണ് കുട്ടികള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയത്.

സാധാരണനിലയില്‍ ആറടി താഴ്ച്ചയില്‍ വെളളമുണ്ടായിരുന്ന കുളത്തില്‍ മഴ പെയ്തതോടെ വെളളം 11 അടിയായി ഉയര്‍ന്നു. ഇതാണ് അപകടത്തിന് പ്രധാന കാരണമായതെന്നാണ് കരുതുന്നത്. അപകടവിവരമറിഞ്ഞ് നൂറുകണക്കിനുപേരാണ് പ്രദേശത്തേക്ക് എത്തിയത്. കൂടുതല്‍ കുട്ടികള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ അഗ്നിരക്ഷാസേന ഏറെനേരം കുളത്തില്‍ തിരച്ചില്‍ നടത്തി. മറ്റാരും അപകടത്തിൽ പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്

മാണിക്കോത്ത് കെഎച്ച്എം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട അഫാസ്. മാതാവ് ആയിഷ. സഹോദരങ്ങള്‍ അര്‍ഫാത്ത്, അഫ്‌ന. ചിത്താരി ഹിമായത്തുള്‍ എഎല്‍പി സ്‌കൂള്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അന്‍വര്‍. മാതാവ് ആബിദ. അജ്‌വദ്, ഹാഷിഖ് എന്നിവരാണ് സഹോദരങ്ങള്‍.

Content Highlights: Children drown to death in pond kasargod

To advertise here,contact us