കാസര്‍കോട്ടെ വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസ്; നേപ്പാള്‍ സ്വദേശി പിടിയില്‍

നിടുമ്പയിലെ എന്‍ മുകേഷിന്റെ വീട്ടില്‍ നിന്ന് 82.5 പവന്‍ സ്വര്‍ണവും മൂന്ന് കിലോ വെളളിയും കവര്‍ന്ന കേസിലാണ് പ്രതി പിടിയിലായത്

കാസര്‍കോട്: ചീമേനിയില്‍ വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി. നേപ്പാള്‍ സ്വദേശി നര്‍ ബഹാദൂര്‍ ഷാഹിയാണ് പിടിയിലായത്. നിടുമ്പയിലെ എന്‍ മുകേഷിന്റെ വീട്ടില്‍ നിന്ന് 82.5 പവന്‍ സ്വര്‍ണവും മൂന്ന് കിലോ വെളളിയും കവര്‍ന്ന കേസിലാണ് പ്രതി പിടിയിലായത്. ഫെബ്രുവരിയിലാണ് സിവില്‍ എഞ്ചിനീയറായ മുകേഷിന്റെ വീട് കുത്തിത്തുറന്ന് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. മുകേഷും ഭാര്യയും കണ്ണൂരിലേക്ക് പോയ സമയത്തായിരുന്നു സംഭവം.

ഒന്നര മാസം മുന്‍പ് വീട്ടില്‍ പശുക്കളെ നോക്കാനായി എത്തിയ നേപ്പാള്‍ സ്വദേശികളായ യുവതിയെയും യുവാവിനെയും കവര്‍ച്ച നടന്ന ദിവസം മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തന്നെയാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

കവര്‍ച്ചയ്ക്കു പിന്നില്‍ നാലംഗ സംഘമാണെന്നും പശുക്കളെ നോക്കാനായി എത്തിയ ദമ്പതികളെ കൂടാതെ മറ്റ് രണ്ടുപേര്‍ കൂടി സംഘത്തിലുണ്ടെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് നേരത്തെ പറഞ്ഞിരുന്നു. പ്രതികള്‍ നേപ്പാളിലേക്ക് കടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടാനായി നേപ്പാള്‍ സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Content Highlights: nepali man arrested in gold theft case kasargod

To advertise here,contact us