കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു വയല്‍ക്കിളി സമരം നടന്നത്

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 2018 മാര്‍ച്ച് 14നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദേശീയ പാത ഭൂമി ഏറ്റെടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിലാണ് കോടതി നടപടി. സുരേഷ് കീഴറ്റൂര്‍ ഉള്‍പ്പടെ 28 പ്രതികളാണ് ഉണ്ടായിരുന്നത്.

കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു വയല്‍ക്കിളി സമരം നടന്നത്. തളിപ്പറമ്പ് ടൗണില്‍ ദേശീയപാത വീതി കൂട്ടാന്‍ നിരവധി വീടുകളും കെട്ടിടങ്ങളും പൊളിക്കേണ്ടിവരുമെന്ന വിധത്തിലായതോടെ വയലിലൂടെ ബൈപ്പാസ് നിര്‍മ്മിക്കാന്‍ നിര്‍ദേശം ഉയരുകയായിരുന്നു. ആറ് കിലോമീറ്റര്‍ ബൈപ്പാസില്‍ നാലര കിലോമീറ്ററും വയലിന് നടുവിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ കൃഷി നടക്കുന്ന വയലില്‍ നിന്ന് റോഡിന്റെ അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തുകയായിരുന്നു. വയലിന് നടുവില്‍ കുടില്‍കെട്ടി സമരം കിടക്കുന്നതായിരുന്നു സമരരീതി.

സിപിഐഎം പ്രാദേശിക നേതൃത്വം ഉൾപ്പെടെയുള്ളവർ ചേർന്നായിരുന്നു വയൽക്കിളി കൂട്ടായ്മ രൂപീകരിച്ചത്. പിന്നീട് പാർട്ടി സമരത്തിൽ നിന്നും പിൻവാങ്ങിയിരുന്നു.

Content Highlights: All accused in the Keezhattur Vayalkkili protest case have been acquitted by the court

To advertise here,contact us