കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ഗര്‍ഭിണിയായ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥയായ ഗര്‍ഭിണിയുടെ വാഹനം തടഞ്ഞ് നിര്‍ത്തിയായിരുന്നു മര്‍ദനം. ഇതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്തു. ഹൈവേയില്‍ ട്രാഫിക് നിയന്ത്രണം ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. യുവതിക്ക് ആരോഗ്യപ്രശ്നമുള്ളതിനാലാണ് ട്രാഫിക് മറികടന്നതെന്ന് പറഞ്ഞിട്ടും സംഘം മര്‍ദിച്ചുവെന്നാണ് ആരോപണം. യുവതിയുടെ ഭര്‍ത്താവിനെ കാറില്‍ നിന്നും വലിച്ച് പുറത്തിറക്കി മര്‍ദിച്ചു. പൊലീസ് ഉദ്യോഗസ്ഥയാണെന്നും ഗര്‍ഭിണിയാണെന്നും പറഞ്ഞിട്ടും അക്രമം നടത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
കണ്ണൂര്‍ പുതിയതെരു മുതല്‍ വളപട്ടണം വരെയുള്ള ഭാഗത്ത് റോഡില്‍ ടാറിങ് പ്രവര്‍ത്തി നടക്കുന്നുണ്ടായിരുന്നു. അതിനാല്‍ മേഖലയില്‍ മണിക്കൂറോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. അതിനിടയിലാണ് ഗര്‍ഭിണിയായ യുവതിയുമായി പോയ വാഹനം ഗതാഗത നിയമം മറികടന്ന് പോയെന്ന് ആരോപിച്ച് പ്രശ്നമുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥയും ഭര്‍ത്താവും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. ഗതാഗതം നിയന്ത്രിക്കുകയായിരുന്ന നാട്ടുകാരാണ് ഈ വാഹനം തടഞ്ഞത്. ഇതോടെ കാറിലുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് പോകുകയാണെന്ന് അറിയിച്ചിട്ടും മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി.
പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന ചിലര്‍ക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്. തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Content Highlights: A pregnant police officer was allegedly attacked by a group in Kannur. Visuals of the incident have surfaced, drawing public attention to the case