തൊടുപുഴ: രാസലഹരി ഉപയോഗത്തെ തുടര്‍ന്ന് തൊടുപുഴ നഗരസഭ മുന്‍ അധ്യക്ഷന്‍ പിടിയിൽ. സനീഷ് ജോര്‍ജ് ആണ് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പിടിയിലായത്. ഇയാള്‍ ലഹരി ഉപയോഗിക്കുന്നതിനിടെയാണ് പ്രത്യേക സംഘം പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്ന് കൂടുതല്‍ ലഹരി വസ്തുക്കള്‍ കണ്ടെടുക്കാന്‍ ആയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സനീഷിനെ കാളിയാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇന്ന് പുലര്‍ച്ചെ ആളില്ലാത്ത സ്ഥലത്തുവച്ച് ഇയാള്‍ ലഹരി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് എത്തിയത്. അപ്പോഴേക്കും ലഹരി ഉപയോഗിച്ച് കഴിഞ്ഞിരുന്നു. സ്ഥലത്ത് വച്ച് ലഹരി സിറിഞ്ച് ഉള്‍പ്പെടെ പൊലീസ് കണ്ടെത്തി. ഇയാള്‍ക്കൊപ്പം ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. രാസലഹരിയാണ് സനീഷ് ഉപയോഗിച്ചതെന്നാണ് പൊലീസ് അറിയിച്ചത്. ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് എല്‍ഡിഎഫ് പിന്തുണയിലാണ് ചെയര്മാൻ ആയത്. നേരത്തെ കൈക്കൂലി കേസില്‍ പ്രതിയായതോടെ 2024ല്‍ തൊടുപുഴ നഗരസഭ ചെയര്മാന് സ്ഥാനം ഇയാള്‍ രാജി വെച്ചിരുന്നു. സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോര്‍ജ് പ്രതിയായത്. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ സനീഷിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല.
Content Highlights: Former Thodupuzha Municipal Chairman Saneesh George Detained Over Alleged Drug Use