ഇടുക്കി: ഇടുക്കി ഇടമലക്കുടിയില്‍ രോഗിയെ ചുമന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു. കൂടലാര്‍ക്കുടി സ്വദേശി മലയപ്പനെയാണ് വടിയിൽ തുണിക്കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചത്. 75കാരനായ മലയപ്പന് കഠിനമായ പനിയും വയറുവേദനയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കാട്ടിലൂടെ കിലോമീറ്ററുകള്‍ കാല്‍നടയായി രോഗിയെ ആനക്കുളത്ത് എത്തിച്ചു. തുടര്‍ന്ന് ഓട്ടോയില്‍ രോഗിയെ അടിമാലി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാല് കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യം സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ നിരവധി പേര് മാറിമാറി ചുമന്നാണ് രോഗിയെ മാങ്കുളത്തിന് സമീപമുള്ള ആനക്കുളത്ത് എത്തിച്ചത്. ഗൂഡല്ലാര്‍കുടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പനിയും മറ്റ് പകര്‍ച്ച വ്യാധിയും പടര്‍ന്നുപിടിക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. അടിയന്തരസാഹചര്യത്തില്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിയാതെ കാലങ്ങളായി ദുരിതത്തിലാണ് ഇവിടുള്ളവര്‍. പ്രദേശത്തേക്ക് വാഹനങ്ങള്‍ കടന്നുപോകാന്‍ റോഡില്ലാത്തതാണ് ദുരിതത്തിന് കാരണം. മുമ്പ് കാര്‍ത്തിക് എന്ന യുവാവിനെ ചുമന്ന് കൊണ്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇവിടേക്ക് നാലുകിലോമീറ്റര്‍ റോഡ് നിര്‍മിച്ച് നല്കിയാല് ഒരു ജീപ്പിന് കുടിയിലേക്ക് എത്താന്‍ കഴിയുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതുവരെയും വനംവകുപ്പ് റോഡിന് അനുമതി നല്‍കിയിട്ടില്ല. റോഡ് പണിത് കൊടുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. രാത്രിയിലടക്കം പെട്ടെന്ന് ആവശ്യങ്ങള്‍ വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്കരമാണെന്നും അവര്‍ പറയുന്നു. നിലവില്‍ മലയപ്പൻ്റെ നില ഗുരുതരമായി തുടരുകയാണ്.
Content Highlights: A patient from Idamalakudi in Idukki was transported to a hospital using a makeshift stretcher made by tying cloth to a stick. The incident highlights the challenges faced by residents in reaching medical facilities in the remote area.