വീട് പൂട്ടി പള്ളിപ്പെരുന്നാളിനുപോയി; ഒളിപ്പിച്ച താക്കോലെടുത്ത് മോഷ്ടാവ് 16 ലക്ഷംകവർന്നു

ഫെബ്രുവരി 14 ന് രാത്രി 8:30 നാണ് വീട് പൂട്ടി വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയത്

കട്ടപ്പന: വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട്ടില്‍ നടന്ന മോഷണത്തില്‍ 16 ലക്ഷം രൂപ നഷ്ടപ്പെട്ടു. പുളിയന്‍മല റോഡിലെ പെട്രോള്‍ പമ്പിന് സമീപം നെല്ലിക്കല്‍ ജോസഫ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീടും സ്ഥാപനവും ഒരു കെട്ടിടത്തിലാണ്. സ്ഥാപനത്തിന്റെ ഷട്ടര്‍ ഉയര്‍ത്തിയ മോഷ്ടാവ് മുകള്‍ നിലയിലെത്തി താക്കോല്‍ ഉപയോഗിച്ച് വീട് തുറന്ന ശേഷം പണം മോഷ്ടിക്കുകയായിരുന്നു. അഞ്ഞൂറിന്റെ നോട്ടുകളാണ് മോഷ്ടിച്ചത്. കൂടുതല്‍ പണം ഇവിടെ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അഞ്ഞൂറിന്റെ കെട്ടുകള്‍ മാത്രം തെരഞ്ഞെടുക്കുകയായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. മറ്റു വസ്തുക്കള്‍ ഒന്നും മോഷണം പോയിട്ടില്ല.

ഫെബ്രുവരി 14 ന് രാത്രി 8:30 ഓടെ ചെടിച്ചട്ടിയില്‍ താക്കോല്‍ ഒളിപ്പിച്ച ശേഷം വീട്ടുകാര്‍ പള്ളിപ്പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയിരുന്നു. തിരികെ വന്നിട്ടും അസ്വാഭാവികമായി ഒന്നും അനുഭവപ്പെട്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് ഫെബ്രുവരി 16നാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പണം മോഷ്ടിച്ചത് പള്ളിപ്പെരുന്നാളിന് പോയ സമയത്താണെന്ന് മനസ്സിലായത്.

സിസിടിവി ദൃശ്യങ്ങളിലുള്ളത് മുഖം മറച്ചെത്തിയ മോഷ്ടാവിനെയാണ്. വിരലടയാളം പതിയാതിരിക്കാന്‍ കൈയ്യില്‍ ഗ്ലൗസ് ധരിച്ചിരുന്നു. ശരീരഭാഷ തിരിച്ചറിയാതിരിക്കുന്ന തരം വസ്ത്രങ്ങളും ധരിച്ചിരുന്നു. വീടും അടുത്തുള്ള സ്ഥാപനവും കൃത്യമായി അറിയാവുന്ന ആളുതന്നെയാണ് മോഷണം നടത്തിയതെന്നാണ് സൂചന. കട്ടപ്പന പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight : A theft was reported at a residence while the family had gone to attend a church festival, resulting in a loss of 16 lakh rupees.

To advertise here,contact us