ഇടുക്കി: മൂന്നാറില് വീണ്ടും കടുവയുടെ ആക്രമണം. രണ്ട് പശുക്കളാണ് കടുവയുടെ ആക്രമണത്തില് ചത്തത്. സൈലന്റ് വാലി എസ്റ്റേറ്റ് മൂന്നാം ഡിവിഷനില് ജേക്കബിന്റെ പശുക്കളെയാണ് കടുവ കൊന്നുതിന്നത്. തേയിലത്തോട്ടത്തില് പാതി ഭക്ഷിച്ച നിലയിലാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ദേവികുളം ഡിവിഷനില് വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പശുവിനെ കടുവ ആക്രമിച്ചിരുന്നു. എസ്റ്റേറ്റ് ഒഡികെ ഡിവിഷനില് പരമശിവത്തിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. പശുവിന്റെ കരച്ചില് കേട്ട് എത്തിയ നാട്ടുകാര് ബഹളംവെച്ചതോടെ കടുവ തിരിഞ്ഞോടുകയായിരുന്നു.
തിങ്കളാഴ്ച്ച മൂന്നാറിലെ ചിറ്റുവാരൈ എസ്റ്റേറ്റില് കടുവകളിറങ്ങിയിരുന്നു. ജനവാസ മേഖലയില് മൂന്ന് കടുവകളെയാണ് കണ്ടത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തൊഴിലാളികള് വിവരം അറിയിച്ചതിനെ തുടര്ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കടുവകള് കാടുകയറിയതായി ഉദ്യോഗസ്ഥര് അറിയിച്ചിരുന്നു. തേയിലത്തോട്ടത്തില് പകല് സമയത്ത് പോലും കടുവകളെ കണ്ടതിനുപിന്നാലെ തൊഴിലാളികള് ആശങ്കയിലാണ്.
Content Highlights: Another tiger attack in Munnar: Two cows die