ഇടുക്കി പൂപ്പാറയിലെ 56 കൈയ്യേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കും; നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്

കൈയ്യേറ്റങ്ങൊഴിപ്പിക്കാൻ റവന്യൂ വകുപ്പ് പൊലീസ് സുരക്ഷ തേടിയിട്ടുണ്ട്

ഇടുക്കി: പൂപ്പാറയിലെ 56 കൈയ്യേറ്റങ്ങളൊഴിപ്പിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ നടപ്പിലാക്കിയേക്കും. ഇതിന് മുന്നോടിയായി പൂപ്പാറ ടൗണിൽ നിരോധാജ്ഞ ഏർപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ഒഴുപ്പിക്കൽ നടപടി. ഇതിനായി പൊലീസ് സുരക്ഷയും റവന്യൂ വകുപ്പ് തേടിയിട്ടുണ്ട്.

നേരത്തെ ഹൈക്കോടതിയാണ് കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തരവിട്ടത്. റോഡ്, പുഴ, പുറം പോക്കുകൾ എന്നിവ കൈയ്യേറിയെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ടിലായിരുന്നു ഉത്തരവുണ്ടായത്. ആറ് ആഴ്ച്ചയ്ക്കകം ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പന്നിയാർ പുഴയും ധനുഷ്കൊടി-കൊച്ചി ദേശീയ പാതയും കൈയ്യേറി നിർമ്മിച്ചെന്നരോപിച്ചാണ് നടപടി. കൈയ്യേറ്റങ്ങളൊഴിപ്പിക്കാൻ റവന്യൂ വകുപ്പ് പൊലീസ് സുരക്ഷ തേടിയിട്ടുണ്ട്.

കൈയ്യേറ്റ ഭുമിയിൽ നിൽക്കുന്ന പല കെട്ടിടങ്ങളും പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ മറികടന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ വ്യാപാരികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഉത്തരവ് വാങ്ങിയിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നുമാണ് വ്യാപാരികളുടെ നിലപാട്. ഇത് അവഗണിച്ചാണ് റവന്യൂ അധികൃതർ നടപടികളുമായി മുൻപോട്ട് പോകുന്നത്.

To advertise here,contact us