കൊച്ചി: സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾക്ക് തടയിടാൻ പരിശോധനകൾ കർശനമാക്കി എംവിഡി. എറണാകുളത്ത് ഇന്ന് എം വി ഡി നടത്തിയ മിന്നൽ പരിശോധനയിൽ 382 വാഹനങ്ങളാണ് പിടിയിലായത്. ആലുവ, കളമശ്ശേരി, കാക്കനാട്, തൃപ്പൂണിത്തുറ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ റൂട്ടുകളിൽ ഓടുന്ന ബസുകളിലാണ് പരിശോധന നടന്നത്. നിയമലംഘനങ്ങൾക്ക് മുഴുവനായി 2.41 ലക്ഷം രൂപയാണ് പിഴയിട്ടത്. തുടർച്ചയായി സ്വകാര്യ ബസുകൾക്ക് എതിരെ നിരവധി പരാതികളാണ് യാത്രക്കാരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. കൂടാതെ,
ഹൈക്കോടതി നിർദേശത്തിനും പിന്നാലെയാണ് കർശന പരിശോധന ആരംഭിച്ചത്. എറണാകുളം മേഖലകളിൽ 5 സ്ക്വാഡുകളായി തിരിഞ്ഞാണ് ആർടിഒ എൻഫോഴ്സ്മെന്റ് പരിശോധനയ്ക്ക് ഇറങ്ങിയത്.
എംവിഡിയെ കൂടാതെ പൊലീസും ബസുകളിൽ വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്. പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ ബസുകൾ കസ്റ്റഡിയിലെടുത്തു. ലൈസൻസ്, യൂണിഫോം, ബസ് ജീവനക്കാരുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്(പിസിസി), അമിതവേഗത, സ്പീഡ് ഗവർണർ തുടങ്ങിയവയും പരിശോധിച്ചു. സ്വകാര്യ ബസ് ജീവനക്കാരുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞിരുന്നു.
സ്പീഡ് ഗവർണർ അഴിച്ചുമാറ്റി ഓടുന്ന 28 ബസുകളുടെ സർവീസാണ് എംവിഡി തടഞ്ഞത്. വാതിൽ തുറന്നിട്ടാണ് പല ബസുകളും സർവീസ് നടത്തുന്നത്. 55 ബസ്സുകൾക്കെതിരെയാണ് വാതിൽ തുറന്നിട്ട് ആളുകളെ കുത്തിനിറച്ച കൊണ്ടുപോയതിനു കേസ് എടുത്തത്. സ്റ്റോപ്പുകളിൽ നിർത്താതെ യാത്രക്കാരെ വഴിയിൽ ഇറക്കിയ 14 ബസുകൾക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലഹരി ഉപയോഗവും മദ്യപിച്ച് വാഹനമോടിക്കുന്നതും കർശനമായി പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബസ് കണ്ടക്ടറുടെ കൈയിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടിയിരുന്നു. ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയ കണ്ടക്ടറെ കസ്റ്റഡയിൽ എടുക്കുകയും ചെയ്തിരുന്നു. ആളപായം ഉണ്ടാക്കുന്ന സംഭവങ്ങളിൽ കുറ്റകരമായ നരഹത്യ ചുമത്തും എന്നാണ് കഴിഞ്ഞ ദിവസം കമ്മീഷണർ വ്യക്തമാക്കിയത്. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ട്.
കാക്കനാട് ബസ്സിടിച്ച് ഐടി ജീവനക്കാരി അക്ഷര മരിച്ചതിനു പിന്നാലെയാണ് ബസുകളുടെ മരണപാച്ചിലുകൾക്ക് തടയിടാനുള്ള നടപടികൾ കർശനമാക്കിയത്. അപകടത്തിന് കാരണം ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ആണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.
Content Highlights:The Kerala Motor Vehicle Department (MVD) is preparing to take action against private buses over multiple alleged violations of traffic rules and transport regulations. The enforcement measures may include inspections and action against buses found violating the rules.