കൊച്ചി: മരടില്‍ കാണാതായ യുവാവ് അടുത്ത ദിവസം ലഹരിയുമായി പിടിയിലായി. യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു കരുതിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസും രജിസ്റ്റർ ചെയ്തിരുന്നു. യുവാവിനായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് നാലര ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് സംഘം യുവാവിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരും പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്. പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന ഡെലിവറി ബോയ്യുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം നടക്കുന്നതിനിടെയായിരുന്നു യുവാവിനെ കണ്ടെത്തിയത്.
സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സംഘം റിജോയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നിഗമനം. തര്‍ക്കം പരിഹരിച്ച് റിജോ തിരികെ വീട്ടില്‍ എത്തിയെങ്കിലും പൊലീസ് തന്നെ കണ്ടെത്താനുള്ള അന്വേഷണം നടത്തുന്നുവെന്ന് അറിയാതെയാണ് റിജോ പുറത്തിറങ്ങുന്നതും ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നതും. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: missing youth found next day with drugs in maradu