കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) വിവിധ അക്കാദമിക പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ക്യാറ്റ് (CAT) 2026 മെയ് 9, 10, 11 തീയതികളിൽ നടത്തപ്പെടും. ന്യൂഡൽഹിയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി അനുവദിച്ചിരുന്ന പരീക്ഷാകേന്ദ്രം മാറ്റി. HRL DIGITAL SOLUTION ലേക്കാണ് മാറ്റിയത്. അപേക്ഷകർ തങ്ങളുടെ കാൻഡിഡേറ്റ് പ്രൊഫൈലിൽ നിന്ന് പുതുക്കിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പുതിയ കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം. പരീക്ഷ ആരംഭിക്കുന്നതിന് കുറഞ്ഞത് 90 മിനിറ്റ് മുമ്പ് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും അറിയിച്ചു.
പരിശോധന നടപടികളുടെ ഭാഗമായി, അപേക്ഷകർ പ്രിന്റ് ചെയ്ത പ്രൊവിഷണൽ അഡ്മിറ്റ് കാർഡും ഒരു ഒറിജിനൽ ഫോട്ടോ ഐഡി കാർഡും അല്ലെങ്കിൽ DigiLocker രേഖയും കൊണ്ടുവരണം. ആധാർ/ഇ-ആധാർ (കളർ പ്രിന്റ്), വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, PAN കാർഡ്, സ്കൂൾ/കോളേജ് ഐഡി എന്നിവ അംഗീകരിക്കുന്ന തിരിച്ചറിയൽ രേഖകളാണ്.
മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, കാൽക്കുലേറ്ററുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് പരീക്ഷാഹാളിൽ കർശന നിരോധം ഏർപ്പെടുത്തി. ക്യാറ്റ് 2026-ന് ആകെ 55,059 അപേക്ഷകരാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 47,359 പേർ യു.ജി. പ്രോഗ്രാമുകൾക്കും 7,700 പേർ പി.ജി. പ്രോഗ്രാമുകൾക്കുമാണ് അപേക്ഷിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി ആകെ 121 പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 109 കേന്ദ്രങ്ങൾ കേരളത്തിലും 12 കേന്ദ്രങ്ങൾ കേരളത്തിന് പുറത്തുമാണ്. കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളിൽ 1,892 വിദ്യാർത്ഥികൾ പരീക്ഷ എഴുതും.കൂടുതൽ വിവരങ്ങൾക്ക് CUSAT അഡ്മിഷൻ വെബ്സൈറ്റ് www.admissions.cusat.ac.in സന്ദർശിക്കുക.ഹെൽപ്ലൈൻ നമ്പറുകൾ: +91 97787 83191, +91 88489 12606.
Content Highlights: CUSAT CAT 2026 starts today Delhi exam centre changed