കൊച്ചി: ഒന്നാം ക്ലാസുകാരന്റെ ബാഗില് നിന്ന് മൂര്ഖന് പാമ്പിനെ പിടികൂടി. കാക്കനാട് അത്താണിയിലാണ് സംഭവം. അത്താണി എളവക്കാട്ട് അബ്ദുള് അസീസിന്റെ വീട്ടില് നിന്നാണ് പാമ്പിനെ പിടികൂടിയത്. ഒന്നാം ക്ലാസുകാരന്റെ ബാഗിന് പതിവിലും അധികം ഭാരം തോന്നിയതിന് പിന്നാലെ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. എളമക്കര സ്വദേശിയായ റിന്ഷാദ് പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.
വെള്ളിയാഴ്ച്ച വൈകുന്നേരം ട്യൂഷന് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി ബാഗ് ഹാളിലെ മേശയ്ക്ക് താഴെവെച്ചിരുന്നു. രാവിലെ അടിച്ചുവാരുന്നതിനിടെ വീട്ടുജോലിക്കാരിയാണ് ബാഗിലെ അസാധാരണ ഭാരം ശ്രദ്ധിച്ചത്. പിന്നാലെ തുറന്ന് നോക്കിയപ്പോള് ബാഗിനുള്ളില് പാമ്പിനെ കണ്ടെത്തി. പരിഭ്രാന്തരായ വീട്ടുകാര് കുട്ടിയുടെ ബാഗ് പുറത്തേക്ക് വലിച്ചെറിയുകയും ചാക്കുകള് ഉപയോഗിച്ച് ബാഗ് മൂടുകയും ചെയ്തു.
ഉടന് വനം വകുപ്പിന്റെ സര്പ്പ റെസ്ക്യൂ ടീമിലെ പാമ്പ് പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. ഉടന് തന്നെ റിന്ഷാദ് എത്തി പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. അന്തരീക്ഷം ചൂടായപ്പോള് വീടിനകത്തെ തണുപ്പിലേക്ക് കയറിയ പാമ്പ് ബാഗിനുള്ളിലേക്ക് കയറിയതാകാമെന്നാണ് നിഗമനം.
Content Highlight; First grader’s schoolbag feels heavy; cobra snake found inside after opening it