ബിജെപി ജില്ലാ പ്രസിഡന്റിനെ മാറ്റാന്‍ ആവശ്യം; മുന്‍ ഓഫീസ് സെക്രട്ടറി കൊച്ചിയില്‍ നിരാഹാര സമരത്തിന് ഒരുങ്ങുന്നു

ഒക്ടോബര്‍ പത്തിന് രാവിലെ രാജേന്ദ്രമൈതാനിക്കടുത്ത് ഗാന്ധി പ്രതിമയ്ക്കുമുന്നിലാണ് നിരാഹാരസമരം തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്

കൊച്ചി: ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസിലെ മുന്‍ ഓഫീസ് സെക്രട്ടറിയും മട്ടാഞ്ചേരി മുന്‍ നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്ന കെ വിശ്വനാഥന്‍ അനിശ്ചിതകാല നിരാഹാരസമരത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ പത്തിന് രാവിലെ രാജേന്ദ്രമൈതാനിക്കടുത്ത് ഗാന്ധി പ്രതിമയ്ക്കുമുന്നിലാണ് നിരാഹാരസമരം തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വിശ്വനാഥന്‍ വ്യക്തമാക്കുന്നു.

അഖില ഭാരതീയ ക്ഷേത്രിയ കുര്‍മിമഹാസംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ലാല്‍ സമരം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി പുനഃസംഘടനയില്‍ പഴയകാല പ്രവര്‍ത്തകരെ തഴയുകയും അഴിമതിക്കാര്‍ക്കും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കപ്പെട്ടവര്‍ക്കും സ്ഥാനങ്ങള്‍ നല്‍കിയതിലും പ്രതിഷേധിച്ചാണ് സമരം. ഷൈജു ജില്ലാ പ്രസിഡന്റായി തുടര്‍ന്നാല്‍ ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും വിശ്വനാഥന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

Content Highlight; Call to replace BJP district president; ex-office secretary plans hunger strike

To advertise here,contact us