എറണാകുളം: എറണാകുളം കരുമാലൂരിൽ അങ്കണവാടിക്കുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കളിപ്പാട്ടങ്ങൾ സൂക്ഷിക്കുന്ന ഷെൽഫിനുള്ളിൽ നിന്നാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. കരുമാലൂർ പഞ്ചായത്തിലെ തടിക്കക്കടവ് അങ്കണവാടിയിലാണ് സംഭവം. വനം വകുപ്പിന്റെ റെസ്ക്യൂവർ എത്തി ഷെൽഫിനുള്ളിൽ നിന്നും പാമ്പിനെ മാറ്റി.
ഇന്ന് രാവിലെയായിരുന്നു സംഭവം. സംഭവ സമയത്ത് എട്ട് കുഞ്ഞുങ്ങളും അധ്യാപികയും ഹെൽപ്പറുമാണ് അങ്കണവാടിയിൽ ഉണ്ടായിരുന്നത്. അധ്യാപിക കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ എടുത്ത് നൽകുന്നതിനിടെയാണ് ഷെൽഫിൽ പാമ്പിനെ കണ്ടത്. മൂർഖൻ പത്തി വിടർത്തി നിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പാമ്പിനെ കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെ താഴെ വീണ ഹെൽപ്പർക്ക് പരിക്കേറ്റിട്ടുണ്ട്.
പാട ശേഖരത്തിനോട് ചേർന്നാണ് അങ്കണവാടി. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ കേടുപാടുകൾ സംഭവിച്ച ജനൽ വഴിയായിരിക്കും മൂർഖൻ അകത്ത് കയറിയത് എന്നാണ് സംശയം.
Content Highlights: Cobra Snake Found Inside Anganwadi