വായനാദിനത്തിൽ വൈറ്റില ടോക്ക് എച്ച് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളുമായി സംവദിച്ച് എഴുത്തുകാരി ഖൈറുന്നിസ

വായനാവാരത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്കും തുടക്കമായി

കൊച്ചി: ദേശീയ വായനാദിനമായ ജൂൺ 19 വൈറ്റില ടോക്ക് എച്ച് പബ്ലിക് സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി എൻ പണിക്കരെ അനുസ്മരിച്ച് കൊണ്ടാണ് പരിപാടി നടന്നത്. വായനാവാരത്തോടനുബന്ധിച്ച്ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്കും തുടക്കമായി. ഡോ. കെ വർഗീസ് ടോക്ക് എച്ച് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ബാലസാഹിത്യ എഴുത്തുകാരിയും, പ്രഭാഷകയും, അക്കാദമിക് എഴുത്തുകാരിയും അവാർഡ് ജേതാവുമായ ശ്രീമതി ഖൈറുന്നിസ എ.ആയിരുന്നു മുഖ്യാതിഥി. ബട്ടർ ഫിംഗേഴ്സ് , ദി ലിസാർഡ് ഓഫ് ഓസ്, ദി ക്രോക്കഡയിൽ ഹു ഏറ്റ് ബട്ടർ ചിക്കൻ ഫോർ ബ്രേക്ക് ഫാസ്റ്റ് തുടങ്ങിയ പ്രമുഖ ബാലസാഹിത്യ കൃതികൾ ഖൈറുന്നിസ രചിച്ചിട്ടുണ്ട്. കുട്ടികളോടൊപ്പം മുതിർന്നവർക്ക് വേണ്ടിയും രചനകൾ നടത്തിയിട്ടുണ്ട്. വായനയുടെ പ്രാധാന്യത്തോടൊപ്പം എല്ലാ ദിനങ്ങളും വായനാ ദിനങ്ങൾ ആകണം എന്നും ഖൈറുന്നിസ കുട്ടികളെ ഓർമ്മപ്പെടുത്തി.

ഉദ്ഘാടന പരിപാടികൾക്ക് ശേഷം ടോക്ക് എച്ച് സ്കൂളിലെ വിദ്യാർഥികളുമായി ഖൈറുന്നിസ സംവാദത്തിലേർപ്പെട്ടു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനവാരത്തിൽ മലയാളം , ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച് തുടങ്ങിയ വിവിധ ഭാഷകളിലെ സാഹിത്യകൃതികൾ ലഘുനാടകം , കഥ, കവിത, പുസ്തകാവലോകനം എന്നിങ്ങനെ വിവിധ രൂപത്തിൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കാനുള്ള പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ഡിസി ബുക്സ് സംഘടിപ്പിക്കുന്ന പുസ്തക പ്രദർശനവും നടന്നു. വായിച്ചു വളർന്ന് വിളയാൻ വായനാശീലം അത്യാവശ്യമാണ് എന്ന ബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് ഈ പരിപാടികളുടെ മുഖ്യ ലക്ഷ്യം.റിതിക രഞ്ജീവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ടോക്ക് എച്ച് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ടെസ്സി ജോസ് കെ വായനാദിനാശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി ശാന്തി ജോസ്, ഹെഡ്മിസ്ട്രസ് ശ്രീമതി ലത മുരളീധരൻ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

Content Highlights: Writer Khairunnisa interacts with students of Vyttila Toc-H Public School on Reading Day

To advertise here,contact us