മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോപാൽ മാലിക്കിനെ കേരളത്തിലെത്തിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് മൂവാറ്റുപുഴയിലെ അടൂപറമ്പിൽ അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ്മ എന്നിവരെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇവർക്കൊപ്പം റൂമിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി ഗോപാൽ ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ഒഡീഷയിലേക്ക് കടന്നിരുന്നു. അന്വേഷണ സംഘം ഒഡീഷ പൊലീസിൻ്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഒഡിഷ ബിസാം കട്ടക്കിലെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് പ്രതിയെ മൂവാറ്റുപുഴയിൽ എത്തിച്ചത്.
ഗോപാൽ മാലിക് കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. കൊലയ്ക്ക് കാരണമായി പ്രതി പറയുന്ന കാര്യങ്ങൾ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മൂവാറ്റുപുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജാരാക്കിയ പ്രതിയെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തെളിവെടുപ്പിന് എത്തിക്കും.