ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ സൈക്കിൾ കാറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഒൻപത് വയസുകാരനെതിരെ അശ്ലീല കമന്റിട്ട കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. ശൂരനാട് സ്വദേശി ആകാശ് ശശിധരനാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിനായിരുന്നു പുന്നപ്ര സ്വദേശിയായ മുഹമ്മദ് സഹൽ അപകടത്തിൽ മരിച്ചത്. ഇതിന് പിന്നാലെയായിരുന്നു ഇയാൾ അശ്ലീല കമൻ്റിട്ടത്. സഹലിന്റെ കുടുംബം നൽകിയ പരാതിയിലാണ് നടപടി.
ഫേസ്ബുക്കിൽ മുരളീ കൃഷ്ണൻ എന്നയാളിട്ട പോസ്റ്റിന് താഴെയായിരുന്നു കമന്റ് വന്നത്. ഇത് സഹലിന്റെ പിതാവ് അബ്ദുൾ സലാമിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിദേശത്തായിരുന്ന പിതാവിന് മകന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നാട്ടിലെത്തിയ ശേഷമാണ് പോസ്റ്റും അതിലെ കമന്റും ശ്രദ്ധിക്കുന്നത്. തുടർന്ന് പുന്നപ്ര പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയതോടെയാണ് നടപടി ഉണ്ടായത്.
Content Highlights: Man arrested for posting obscene remark in child's death post