പണയം വയ്ക്കാൻ സ്‌കൂട്ടറിന്റെ ലഗേജ് ഭാഗത്ത് പേഴ്‌സിനകത്ത് സൂക്ഷിച്ച സ്വര്‍ണ വള മോഷ്ടിച്ചു; പ്രതി പിടിയിൽ

ഒക്ടോബര്‍ 4ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചേര്‍ത്തല: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്‌കൂട്ടറില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതി പൊലീസ് പിടിയില്‍. എറണാകുളം പള്ളിപ്പുറം കൈതക്കാട്ട് വീട്ടില്‍നിന്ന് മാരാരിക്കുളം നോര്‍ത്ത് പഞ്ചായത്തില്‍ ചെത്തി, തയ്യില്‍ പറമ്പില്‍ മോട്ടി(42)യെയാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായി ജോലിചെയ്യുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശിനിയായ യുവതിയുടെ 4.5 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ വളയാണ് പ്രതി മോഷ്ടിച്ചത്.

ഒക്ടോബര്‍ 4ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലിയുടെ ഭാഗമായി പ്രതിയുടെ ഭാര്യയില്‍ നിന്നും കളക്ഷന്‍ തുക വാങ്ങാന്‍ യുവതി പ്രതിയുടെ വീട്ടിലെത്തിയിരുന്നു. ആസമയം യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ലഗേജ് ഭാഗത്ത് പേഴ്‌സിനകത്തായി പണയം വയ്ക്കാനുള്ള വള സൂക്ഷിച്ചിരുന്നു. ഹാര്‍ബറില്‍ നിന്നും പണം വാങ്ങി തിരികെ എത്താനെന്ന് പറഞ്ഞ് പ്രതി പരാതിക്കാരിയുടെ വള വച്ചിരുന്ന സ്‌കൂട്ടര്‍ വാങ്ങിപ്പോയി. അല്പനേരത്തിന് ശേഷം ഇയാള്‍ സ്‌കൂട്ടര്‍ തിരികെ നല്‍കുകയും ചെയ്തു. എന്നാല്‍ യുവതി കലവൂരിലെ ധനകാര്യ സ്ഥാപനത്തില്‍ എത്തി പണയം വെക്കുന്നതിനായി സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് വള മോഷണം പോയതായി അറിയുന്നത്.

തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അര്‍ത്തുങ്കല്‍ പൊലീസ് എസ്‌ഐ ടോള്‍സണ്‍ പി ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ആഭരണം ചേര്‍ത്തലയിലെ ഒരു ജൂവലറിയില്‍ വില്‍പന നടത്തി 52,000 രൂപ പ്രതി കൈപ്പറ്റിയതായും പൊലീസ് കണ്ടെത്തി.

Content Highlights: Police arrest suspect in case of gold theft from scooter

To advertise here,contact us